തിരുവനന്തപുരം: പൊലീസ് ജീപ്പ് നിർത്തുന്നത് കണ്ട് ഓടിയ ജില്ലാ പഞ്ചായത്ത് അംഗത്തെ കണ്ടെത്തിയത് കുളത്തിൽ. വെള്ളനാട് ഡിവിഷൻ അംഗം വെള്ളനാട് ശശിയാണ് കുളത്തിൽ വീണത്. ശശിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി വൈകിയാണ് കോട്ടവിളയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശിക്ക് രക്തസമ്മർദത്തിൽ വ്യതിയാനം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. കോട്ടവിളയിലെ പുരയിടത്തിൽ നിൽക്കുന്നതിനിടെയാണ് സമീപത്തെ റോഡിൽ പൊലീസ് ജീപ്പ് നിർത്തുന്നത് കാണുന്നത്. രണ്ട് വാറന്റ് ഉള്ളതിനാൽ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് വന്നതെന്ന് കരുതി ശശി ഓടി രക്ഷപ്പെടുകയായിരുന്നു.
വീടിന് സമീപത്തെ കാടുപിടിച്ച വസ്തുവിലേക്ക് ഓടുകയും ശേഷം ഒരു വീട്ടിലേക്ക് കയറുകയുമായിരുന്നുവെന്ന് ശശി പറയുന്നു. തിരികെ വരുന്നതിനിടെ രക്ത സമ്മർദത്തിൽ വ്യത്യാസം ഉണ്ടായി ബോധരഹിതനായി കാടുപിടിച്ച പുരയിടത്തിൽ വീണു. രണ്ട് മണിക്കൂറിന് ശേഷം ബോധം വീണപ്പോൾ ആറ്റിൽ പോയി വസ്ത്രം കഴുകി തിരികെ നടക്കുന്നതിനിടെ ആണ് കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ഇതിനിടെ ശശിയെ കാണാനില്ല എന്ന വിവരം അറിഞ്ഞ് ആര്യനാട് പൊലീസും പ്രദേശവാസികളും നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ നിന്നും ശബ്ദം കേൾക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി 9 ഓടെ കുളത്തിൽ നിന്നും കണ്ടെത്തിയ ശശിയെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.