സാങ്കേതിക തകരാർ മൂലം അവസാന നിമിഷം മാറ്റിവെച്ച ഗഗന്‍യാന്‍ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ (ടിവി-ഡി1) റോക്കറ്റ് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. പ്രശ്‌നം കണ്ടെത്തി പരിഹരിച്ചതിനെത്തുടർന്നാണ് വിക്ഷേപണം ഇന്ന് തന്നെ നടത്തിയത്.
നേരത്തെ , രാവിലെ വിക്ഷേപണത്തിന് 5 സെക്കന്‍ഡ് മുന്‍പാണു സാങ്കേതിക തകരാറിനെ തുടര്‍ന്നു പരീക്ഷണം മാറ്റിയത്. തകരാർ പരിഹരിച്ചതിനു ശേഷം കൗണ്ട് ഡൗണ്‍ പുനരാരംഭിക്കുകയായിരുന്നു. 8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് 8.45ലേക്കു മാറ്റിയിരുന്നു. എന്നാല്‍, റോക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ അസ്വാഭാവികത കണ്ടതോടെയാണ് വിക്ഷേപണം മാറ്റിയതായി അറിയിച്ചത്.
രാവിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പരീക്ഷണ വാഹനമായ (ടെസ്റ്റ് വെഹിക്കിൾ) ക്രൂ മൊഡ്യൂൾ (സിഎം), ക്രൂ എസ്കേപ് സിസ്റ്റം (സിഇഎസ്) എന്നിവയുമായി കുതിച്ചുയരാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായുള്ള കൗണ്ട്ഡൗൺ ഇന്നലെ വൈകിട്ട് ആരംഭിച്ചിരുന്നു. ഐഎൻഎസ് ശക്തി, എസ്‍സിഐ സരസ്വതി കപ്പലുകൾ വീണ്ടെടുക്കൽ ദൗത്യത്തിന് സജ്ജമായി കടലിൽ ഉണ്ടായിരുന്നു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) ആണ് നടക്കുക. വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യത്തെ പരീക്ഷണമാണിത്.