മൈസുരു: കർണാടകയിൽ ദളിത് യുവതി വെളളം കുടിച്ചതിനെ തുടർന്ന് കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി മേൽ ജാതിക്കാർ. ചാമരാജനഗർ താലൂക്കിലെ ഹെഗ്ഗോതര ഗ്രാമത്തിലാണ് സംഭവം. പിന്നാലെ സംഭവത്തിൽ പ്രതിഷേധിച്ച് ദളിത് യുവാക്കൾ ഗ്രാമത്തിലെത്തി എല്ലാ ജലസംഭരണികളിൽ നിന്നും വെളളം കുടിച്ചു.ചാമരാജനഗർ തഹസിൽദാർ ബസവരാജ്, സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മല്ലികാർജുൻ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കൾ ഗ്രാമത്തിലെത്തിയത്. ഇവർ ജലസംഭരണികളിൽ നിന്ന് വെളളം കുടിക്കുകയും കൂടാതെ ഇത് പൊതു ഉപയോഗത്തിനുളളതാണെന്നും ആർക്ക് വെണമെങ്കിലും ഇതിൽ നിന്ന് വെള്ളം കുടിക്കാം എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശവും ടാങ്കുകളിൽ എഴുതി ഒട്ടിച്ചു.

സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഗ്രാമത്തിലെ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്ഥലത്തെ ഏതാനും ചിലർ ചെയ്ത ദുഷ്പ്രവർത്തിക്ക് ഒരു ഗ്രാമത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന് നേതാക്കന്മാർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. സംഭവത്തിൽ ഗിരിയപ്പ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ മഹാദേവയ്‌ക്കെതിരെ എസ്‌സി, എസ്ടി അതിക്രമം തടയൽ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വരും കാലങ്ങളിൽ ഗ്രാമത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാകരുതെന്നും സാമൂഹിക സൗഹാർദ്ദത്തിന്റെ ശക്തമായ സന്ദേശം ജനങ്ങളിൽ എത്തിക്കാനാണ് ദളിത് യുവാക്കളോട് ടാങ്കിലെ വെളളം കുടിക്കാൻ ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥർ നേതാക്കന്മാരോട് പറഞ്ഞു.

ഗ്രാമത്തിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ദളിത് സ്ത്രീയാണ് കുടിവെളള ടാങ്കിനോട് ചേർന്ന പൈപ്പിൽ നിന്നും വെളളം കുടിച്ചത്. ഇത് കണ്ട ഗ്രാമത്തിലെ ഏതാനും ചില സ്ത്രീകൾ അവരെ ചോദ്യം ചെയ്യുകയും തുടർന്ന് ടാങ്കിലെ വെളളം ഒഴുക്കിക്കളഞ്ഞശേഷം ഗോമൂത്രമുപയോഗിച്ച് വ്യത്തിയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും കർണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി വി സോമണ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *