മുഹമ്മദ് ആസിഫ് കെ (ന്യൂസ് എഡിറ്റർ)

ഈ വർഷത്തെ ഫിഫ ഫുട്ബോൾ ലോകകപ്പിന് ഇന്നലെ ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. അതി ഗംഭീരമായ ചടങ്ങുകളോടെ വർണാഭമായ ഉദ്‌ഘാടന പരിപാടിക്കായിരുന്നു ഇന്നലെ ഖത്തർ സാക്ഷ്യം വഹിച്ചത്. എന്നാൽ ലോകം മൊത്തം ഉറ്റു നോക്കിയത് ഭിന്ന ശേഷിക്കാരനായ ഗാനിം അൽ മുഫ്താഹിന്റെയും അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനും നടത്തിയ സംഭാഷണ നിമിഷങ്ങളിലേക്കായിരുന്നു. ജാതി,മത,ദേശ,വർഗ,ലിംഗ,വർണ്ണ വേലിക്കെട്ടുകളെല്ലാം പിഴുതെറിഞ്ഞു പരസ്പരം ബഹുമാനിച്ചു മനുഷ്യരെ ചേർത്തു നിർത്താൻ പ്രചോദനം നൽകുന്ന മനോഹരമായ കാഴ്ചയായിരുന്നു ലോകക്കപ്പ് ഉദ്ഘടന വേദിയിൽ നിന്നും ഇന്നലെ കാണാൻ സാധിച്ചത്.

ഫിഫ ലോകക്കപ്പ് ഇസ്ലാമിക രാജ്യമായ ഖത്തറിൽ നടക്കുന്നതുകൊണ്ട് തന്നെ നിരവധി വംശീയ അധിക്ഷേപങ്ങളും പരിഹാസങ്ങളും യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നായി ഖത്തറിനെതിരെ ഇതിനകം ഉയർന്നിരുന്നു. കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തെ കുറിച്ചായിരുന്നു അതിൽ കൂടുതലും. എന്നാൽ ലോകകപ്പ് ഇതുവരെ നടന്ന മറ്റു പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇത്തരത്തിൽ കുടിയേറ്റക്കാരോടുള്ള അവഗണന ഉണ്ടായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിരുന്നു.
‘യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന ധാർമിക പാഠം വെറും ഏകപക്ഷീയമായ കാപട്യമാണ്. നിങ്ങൾക്ക് ജീവിതത്തിന്റെ പാഠങ്ങളൊന്നും നൽകാൻ ഞാനുദ്ദേശിക്കുന്നില്ല. പക്ഷേ ഇവിടെ നടക്കുന്നത് കടുത്ത അനീതിയാണ്. ഞാനൊരു യൂറോപ്യൻ ആണ്. കഴിഞ്ഞ 3,000 വർഷമായി യൂറോപ്യന്മാർ ചെയ്ത തെറ്റുകൾക്ക്, ധാർമികത പഠിപ്പിക്കുന്നതിന് മുൻപ് അടുത്ത 3,000 വർഷത്തേക്ക് ക്ഷമ ചോദിക്കണം’ എന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.

എന്നാൽ ചുറ്റുമുള്ളവർ തോൽപ്പിക്കാൻ നോക്കിയപ്പോൾ ആ ചെറിയ രാജ്യം ലോകത്തെ മുഴുവനായി അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഒതുക്കി.
യൂറോപ്പിന്റെ തികച്ചും കാപട്യം നിറഞ്ഞ വംശീയ വെറികൾക്കുള്ള ഖത്തറിന്റെ ശക്തമായ മറുപടി തന്നെയായിരുന്നു ഉദ്ഘാടന ചടങ്ങിലെ ഗാനിം അൽ മുഫ്താഹിന്റെയും മോർഗന്റെയും ഹൃദയ സ്പർശിയായ ആ സംഭാഷണം. ഖുർആനിലെ വാക്യങ്ങൾ ചൊല്ലികൊണ്ടാണ് മുഫ്താഹ് എല്ലാ തരത്തിലുള്ള വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടും എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളേണ്ടതിന്റെ സന്ദേശം പങ്കുവെച്ചത്.

ഭിന്ന ശേഷിക്കാരനായ ഗാനിം അൽ മുഫ്താഹ് ഖത്തർ ഫിഫ വേൾഡ് കപ്പിന്റെ അംബാസിഡറായി നിയോഗിക്കപ്പെട്ട വ്യക്തിയാണ്.
ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് ഇദ്ദേഹം. നട്ടെല്ല്, കൈകാലുകൾ, മൂത്രസഞ്ചി, കുടൽ, എന്നിവയെല്ലാം ഉൾപ്പെടുന്ന ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന മാരകമായ രോഗം. എന്നാൽ തന്റെ മുൻപിലുള്ള പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു കൂടുതൽ മുന്നോട്ട് സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയാണ് മുഫ്താഹ് തന്റെ ജീവിതത്തിലൂടെ. സോഷ്യൽ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്.

മുഫ്താഹിന് അധിക കാലം ജീവിക്കാനാകുമെന്ന് ഡോക്ടർമാർക്കു പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ പതിനഞ്ച് വർഷവും അവരെപ്പോലും ഞെട്ടിച്ചു കൊണ്ട് അദ്ദേഹം ജീവിക്കുകയാണ്. ലോകമെമ്പാടുമുള്ള യുവാക്കൾക്കും ഭിന്നശേഷിക്കാർക്കും മാതൃക കൂടിയാണ് മുഫ്താഹ്. നീന്തൽ, സ്കൂബ ഡൈവിംഗ്, ഫുട്ബോൾ, ഹൈക്കിംഗ്, സ്കേറ്റ്ബോർഡിംഗ് എന്നിവയെല്ലാമാണ് അദ്ദേഹത്തിന്റെ ഇഷ്ട കായിക വിനോദങ്ങൾ. സ്കൂളിൽ വെച്ചു തന്നെ, മുഹ്താബ് കൈകളിൽ ഷൂസ് ധരിച്ച് ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു. പൊക്കമുള്ള മറ്റ് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താൻ ഫുട്ബോൾ കളിച്ചിരുന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

‘ഒരു സ്വപ്നവും വലുതല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, അതോടൊപ്പം ഒരു ഭിന്ന ശേഷിക്കും സ്വപ്നങ്ങളെ പിടിച്ചു കെട്ടാനാകില്ലെന്നും’ പറഞ്ഞ മുഹ്താഹിന്റെ ജീവിത പോരാട്ടത്തിന്റെ സന്ദേശം തന്നെയാണ് ഇത്തവണത്തെ ഖത്തർ ലോകകപ്പിനെ കൂടുതൽ കരുത്തുറ്റതാക്കുന്നത്. എല്ലാ വെറുപ്പുകൾക്കും മീതെ സ്നേഹത്തിന്റെ സഹാനുഭൂതിയോടെ സാഹോദര്യത്തിന്റെ മതിലുകൾ പണിത് ലോകം മൊത്തം ഒരു ചെറിയ പന്തിനു പിന്നാലെ കൂടുമ്പോൾ ഈ വർഷത്തെ ലോകക്കപ്പ് മറ്റെല്ലാ ലോകകപ്പിൽ നിന്നും വേറിട്ടതായി മാറുന്നു. പന്ത് കളിക്ക് കൂടുതൽ ആവേശവും മിഴിവുമേറുന്നു.

Leave a Reply

Your email address will not be published. Required fields are marked *