തിരുവനന്തപുരം: രാജാജി നഗർ സ്വദേശി അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കീഴടങ്ങി. കേസിലെ പ്രതികളായ അജിൻ, അഭിജിത്ത്, കിരൺ, നന്ദു, അഖിൽ ലാൽ എന്നിവരാണ് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരായത്. ഇവർ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപം വെച്ച് ജഗതിയിലെയും രാജാജി നഗറിലെയും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഈ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. ജഗതി സ്വദേശികളാണ് അലനെ കുത്തിക്കൊലപ്പെടുത്തിയത്.
ഈ കൊലപാതകം ആസൂത്രിതമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിദ്യാർത്ഥികളുടെ രണ്ട് ഫുട്ബോൾ ടീമുകൾ തമ്മിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വൈരാഗ്യം പറഞ്ഞുതീർക്കാൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഒരാളെ കൊണ്ടുവന്ന സാഹചര്യമാണ് കൊലപാതകം ആസൂത്രിതമായി നടന്നതാണെന്ന സംശയത്തിന് കാരണം. പോലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.
