ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ്-19 നിയന്ത്രണങ്ങൾ പാലിക്കണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ പ്രതിപക്ഷ എംപിമാർ. ഭാരത് ജോഡോ യാത്രയെ തകർക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണമെന്ന് കോൺഗ്രസ് വിമർശിച്ചു. എന്തുകൊണ്ടാണ് ഇപ്പോൾ രാഹുലിന്റെ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം ചോദിച്ചു. രാജ്യത്തെ മറ്റ് പരിപാടികൾക്ക് ഇത് ബാധകമല്ലേയെന്നും ചിദംബരം ചോദിച്ചു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് എംപി അധിർരജ്ഞൻ ചൗധരി ചോദിച്ചു.’ഭാരത് ജോഡോ യാത്ര സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് ബിജെപിയെ പേടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ഞെട്ടലിലാണ് ഇതെല്ലാം ചെയ്യുന്നത്. ഗുജറാത്തിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ മോദീജി മാസ്‌ക് വെച്ചിരുന്നോ?. ആരോഗ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ യാത്ര അത്ര ഇഷ്ടപ്പെട്ടില്ലായിരിക്കാം. പക്ഷെ ഇന്ത്യയിലെ ജനങ്ങൾക്കെല്ലാം ഇഷ്ടമായിട്ടുണ്ട്. ഗോദി മീഡിയ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാൻഡകൾ പൊളിക്കാൻ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാഹുലിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പിന്തുണകൊണ്ടാണ് കേന്ദ്രസർക്കാർ മാണ്ഡവ്യയെ ഇറക്കി ഏത് വിധേയനേയും യാത്രയെ തടസപ്പെടുത്താനും ജനങ്ങളുടെ മസ്സ് മാറ്റാനും ശ്രമിക്കുന്നത്.’ അധിർ രജ്ഞൻ ചൗധരി പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇരുവർക്കും കത്തയച്ചത്. ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കൊവിഡ്-19 കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

കൊവിഡ്-19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് പാർട്ടിക്ക് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, ദേശീയ താൽപ്പര്യം കണക്കിലെടുത്ത് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മന്ത്രി കത്തിൽ നിർദേശിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്നും മന്ത്രി ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *