പാഠപുസ്തകത്തിന് അപ്പുറത്തെ ബഹുസ്വരത സ്കൂളുകളിൽ പഠിപ്പിക്കപ്പെടണം
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കേരളത്തിലെ സ്കൂളുകളെ ചില ഉത്തരേന്ത്യൻ സ്കൂളുകൾ പോലെ ആക്കാൻ സമ്മതിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളെ വർഗീയ പരീക്ഷണശാലയാക്കി മാറ്റാൻ സമ്മതിക്കില്ല. ഓണവും ക്രിസ്മസും പെരുന്നാളും ഒരുപോലെ ആഘോഷിക്കണം. പാഠപുസ്തകത്തിന് അപ്പുറത്തെ ബഹുസ്വരത പഠിപ്പിക്കേണ്ടതാണ് സ്കൂളുകളെന്നും അദ്ദേഹം പറഞ്ഞു.
‘കലോത്സവം, ഉത്തരവാദിത്വമുള്ള ഉത്സവം’ എന്നാണ് ഇത്തവണത്തെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു. സമ്മാനങ്ങൾ വാരികൂട്ടുക എന്നതിന് അപ്പുറം കുട്ടികളെ ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷങ്ങൾ പൊതു സമൂഹത്തിന് ബാധ്യതയാകരുത്. വേദികളിലെ ശബ്ദ സംവിധാനം വേദികളിൽ ഉള്ളവർക്ക് മാത്രം കേൾക്കുന്ന തരത്തിൽ ക്രമീകരിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവ ഭക്ഷണം ഇത്തവണ ഒരു മാതൃക തന്നെയാക്കും. കലോത്സവ ചട്ടങ്ങൾ സംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകളിലും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവധികാലത്ത് നിർബന്ധിത ക്ലാസ് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കുട്ടികൾക്ക് സാധിക്കണം. പഠന മികവിനോടൊപ്പം മാനസിക ആരോഗ്യവും അതീവ ഗൗരവമായി കാണേണ്ടതുണ്ട്. കുട്ടികളുടെ സ്വാഭാവിക അവകാശങ്ങൾ നിഷേധിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
