ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില് വന്‍ വര്‍ധന.ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 3811 കോടി. ഏറ്റവും കൂടുതല്‍ ലഭിച്ചത് ബിജെപിക്കാണ്. കൂടുതല്‍ സംഭാവ നല്കിയവരില് വിവാദ കമ്പനി മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഉള്‍പ്പെടുന്നുണ്ട്.
ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രീംകോടതി റദ്ദാക്കിയതിന് ശേഷമാണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയുള്ള വരുമാന വര്‍ധനവ്. ഈ സാമ്പത്തിക വര്‍ഷം മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 3,811 കോടി രൂപ സംഭാവനയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 200 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്ക്,3112 കോടി രൂപ. അതായത് ആകെ തുകയുടെ 80 ശതമാനം.കോണ്‍ഗ്രസിന് ലഭിച്ചത് 299 കോടി രൂപയാണ്. മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ന്ന് 400 കോടി രൂപയും ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി സംഭാവന ലഭിച്ചു.പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്, ഏതാണ്ട് 2180 കോടി രൂപ.
കാസര്‍കോട് ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് വിവാദത്തിലായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഏറ്റവും കൂടുതല്‍ സംഭാവന നല്കിയവരില് പെടുന്നു.ഭാരതിഎയര്‍ടെല്‍, ജിന്‍ഡാല്‍ സ്റ്റീല്‍,സീറം ഇന്ത്യ, വേതാന്ത, ഐ.ടി.സി തുടങ്ങിയ കമ്പനികളും വന്‍തുക സംഭാവന നല്‍കിയിട്ടുണ്ട്. മറ്റ് രീതിയിലുള്ള സംഭാവനകള്‍ കൂടി കണക്കുകൂട്ടിയാല്‍ പാര്‍ട്ടികളുടെ
വരുമാനം ഇനിയും വര്‍ധിക്കും. ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി 2024 ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയത്.
