പെരിങ്ങൊളം ടൗണ്‍ വീതി കൂട്ടി നവീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് ജംഗ്ഷന്‍ വിപുലീകരണ അലൈന്‍മെന്‍റ് തയ്യാറാക്കുന്നതിനുള്ള പ്രാഥമിക പരിശോധന നടത്തി. ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പെരിങ്ങൊളം ജംഗ്ഷന്‍ നവീകരണത്തിന് 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്കില്‍ താമരശ്ശേരി റോഡ്, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്, ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡ് എന്നിവയുടെ സംഗമകേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷനില്‍ ആവശ്യമായ വീതിയില്ലാത്തത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.

പെരിങ്ങൊളം അങ്ങാടിയില്‍ ജംഗ്ഷന്‍ വീതിക്കൂട്ടുന്നതിന് തടസമായി നിന്നിരുന്ന കൂറ്റന്‍ ആല്‍മരം മുറിച്ചു നീക്കിയിട്ടുണ്ട്. ഇവിടെ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇപ്പോള്‍ 5.51 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡിന്‍റെ നവീകരണം പൂര്‍ത്തിയാവുന്നതോടെ മുക്കം ഭാഗത്ത് നിന്ന് കോഴിക്കോട് ടൗണിലേക്ക് പോവുന്ന മുഴുവന്‍ വാഹനങ്ങളും ഈ റോഡ് വഴി തിരിച്ചുവിടുന്നതിന് സംവിധാനമേര്‍പ്പെടുത്തും. താമരശ്ശേരി ഭാഗത്ത് നിന്ന് പിലാശ്ശേരി വഴി വരുന്ന വാഹനങ്ങള്‍ കുന്ദമംഗലം ടൗണില്‍ പ്രവേശിക്കാതെ പെരിങ്ങൊളം ജംഗ്ഷന്‍ വഴിയാണ് ഇപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത്. സമാന്തര റോഡുകളുടെ വികസനത്തിലൂടെ കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവൃത്തികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍, അസി. എഞ്ചിനീയര്‍ സി.ടി പ്രസാദ്, ഓവര്‍സിയര്‍ കെ.പി പ്രവീണ്‍, എം.എം പ്രസാദ്, വി.പി ലെനീഷ്, എ മണിവര്‍ണന്‍, ആര്‍.വി ജാഫര്‍, പി.ആര്‍ അരുണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *