ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനാണു സാധ്യത.
കെജരിവാളിനെ വെള്ളിയാഴ്ച പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ കെജരിവാളിന്റെ വീട്ടിലെത്തിയ ഇഡി സംഘം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്രിവാളിന്റെ വീട്ടില്‍ 12 അംഗ ഇഡി സംഘം സെര്‍ച്ച് വാറണ്ടുമായെത്തുകയായിരുന്നു.

കെജരിവാളിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കെജരിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, അതിനാലാണ് സമയം ആവശ്യപ്പെടാന്‍ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു.

കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *