കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരും പ്രധാനാധ്യാപകരും ചേർന്ന് 15 ലക്ഷം രൂപ സംഭാവന നൽകി. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ജില്ലയിലെ ആതുരാലയങ്ങളിൽ കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ തലവൻമാരും സഹായ ധനം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സഹായധനം ജില്ലാ കളക്ടർ സാംബശിവ റാവു ഏറ്റുവാങ്ങി.

ജില്ലാ കളക്ടറുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയ ക്യാമ്പയിൻ മുഴുവൻ പ്രധാനാധ്യാപകരും ഏറ്റെടുക്കുകയായിരുന്നു. ഒന്നാം ഘട്ടത്തിൽ വിദ്യാഭ്യാസ ഓഫീസർമാരുടെയും രണ്ടാം ഘട്ടത്തിൽ ജില്ലയിലെ പ്രധാന അധ്യാപകരുടെയും സംഭാവനയായി
15,09,101 രൂപയാണ്
കൈമാറിയത്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി നാലു ദിവസം കൊണ്ടാണ് ഇത്രയും രൂപ സമാഹരിച്ചത്. വെന്റിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവയ്ക്കു പുറമേ ജില്ലയിലെ ആശുപത്രികളിൽ ജനറേറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കുന്നതിന് മൂന്നാം ഘട്ടമായി അധ്യാപകരുടെ പിന്തുണയോടെ വിപുലമായ സാമ്പത്തിക സമാഹരണവും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.മനോജ് കുമാർ , പ്രധാനാധ്യാപകരുടെ പ്രതിനിധികളായ ഹസൻ സി.സി
ഫൈസൽ പി.കെ , യു.കെ.അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *