ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻ ചീഫ് സമീർ വാങ്കഡെക്ക് ആശ്വാസമായി കോടതി വിധി. ജൂൺ 8 വരെ സമീറിനെ അറസ്റ്റ് പാടില്ലെന്ന് ബോംബെ ഹൈക്കോടതി കോടതി നിർദേശിച്ചു. ഷാറുഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട രേഖകളോ വാട്സാപ് ചാറ്റുകളോ പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു.

ഹർജിയിൽ സമീർ വാങ്കഡെയ്ക്ക് ഇന്നു വരെ ബോംബൈ ഹൈക്കോടതി അറസ്റ്റിൽ നിന്നു സംരക്ഷണം അനുവദിച്ചിരുന്നു. എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് വാങ്കഡെ കോടതിയെ സമീപിച്ചത്. എൻസിബിയുടെ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടാതെ ക്രിമിനൽ ഗൂഢാലോചനയ്ക്കും ഭീഷണിപ്പെടുത്തിയതിനും വാങ്കഡെയ്ക്കും മറ്റു നാലു പേർക്കുമെതിരെ മേയ് 11നാണ് സിബിഐ കേസെടുത്തത്.

ഷാരൂഖ് ഖാനോട് ആര്യൻ ഖാനെതിരെ കുറ്റം ചുമത്തില്ലെന്ന് ഉറപ്പ് പറഞ്ഞ് 25 കോടി കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചാണ് സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഈ കൈക്കൂലി തുകയിൽ 50 ലക്ഷം രൂപ ലഭിച്ചു. കെ.പി.ഗോസാവിയാണ് ഇടപാട് നടത്തിയത്. ആര്യൻ ഖാനൊപ്പമുള്ള കെ.പി.ഗോസാവിയുടെ സെൽഫി വൈറലായിരുന്നു. എന്നാൽ കെ.പി.ഗോസാവി എൻസിബിയുടെ ഉള്ളിലുള്ള ആളല്ലെന്നും സിബിഐ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *