മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് കേന്ദ്രം. കരാറുകാരായ കെഎൻആർ കൺസ്‌ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹെെവേ എൻജിനീയറിംഗ് കൺസൾട്ടന്റ് (എച്ച് ഇ സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജർ എം അമർനാഥ് റെഡ്ഡിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ്‌കുമാർ എന്ന ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രാഥമിക പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെതാണ് നടപടി. കരാറുകാരായ കെഎൻആർ കൺസ്‌ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. ഈ മാസം 19നാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്.ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘം സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ ജിമ്മി തോമസ്,​ ഡോ അനിൽ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്. ഈ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ കേന്ദ്രം നടപടി എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *