ബി.ജെ.പിയ്ക്കെതിരായ ദേശീയ തലത്തില്‍ ബദല്‍ സംവിധാനത്തിന് രാഷ്ട്രീയ കക്ഷികള്‍ തയ്യാറെടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ പോരില്‍ പുകഞ്ഞ് കോണ്‍ഗ്രസ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായിരിക്കുന്നത്.
രാജസ്ഥാന്, പഞ്ചാബ്, കേരളം, അസം, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ വിള്ളലുണ്ടായിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയിലെ പ്രബലരായ നേതാക്കളാണ് ഏറ്റുമുട്ടുന്നത് എന്നതാണ് ഹൈക്കമാന്റിന് തലവേദന സൃഷ്ടിക്കുന്നത്.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലാണ് തര്‍ക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് അമരീന്ദര്‍ സിംഗ് ഡല്‍ഹിയിലെത്തി ഹൈക്കമാന്റ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഏറെ ജനകീയ അടിത്തറയുള്ള നേതാവാണ്. ബി.ജെ.പിയിലും ആം ആദ്മി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച ശേഷമാണ് സിദ്ദു കോണ്‍ഗ്രസില്‍ എത്തുന്നത്. ഇദ്ദേഹത്തിനും സ്വീകാര്യതയ്ക്ക് ഒട്ടും കുറവില്ല.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പ്രിയപ്പെട്ടവനായിരുന്ന സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വളരെ പെട്ടെന്നാണ് ഇരുവര്‍ക്കുമിടെയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. പിന്നീട് മന്ത്രിസ്ഥാനം രാജിവച്ച സിദ്ദു ക്യാപ്റ്റനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സിദ്ദുവിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനുള്ളിലും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി തലവനായി സിദ്ദുവിനെ നിയമിക്കാമെന്ന് ഹൈക്കമാന്റ് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.
അശോക് ഗെലോട്ടും സച്ചിന് പൈലറ്റുമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗെലോട്ട് സര്‍ക്കാര്‍ വീഴുമെന്ന ഘട്ടത്തില്‍ പൈലറ്റിനേയും സംഘത്തേയും അനുനയിപ്പിച്ച് ഹൈക്കമാന്റ് തിരിച്ചെത്തിക്കുകയായിരുന്നു.
ഗെലോട്ട് സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷം തങ്ങള്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങളൊന്നും പരിഹരിച്ചില്ലെന്നുമാണ് പൈലറ്റ് ക്യാംപിലെ അംഗങ്ങള്‍ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെയാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിയതും കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കിയതും എ., ഐ., ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയായിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ചെന്നിത്തലയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
അസമില്‍ ബി.ജെ.പിയിലേക്ക് നേതാക്കള്‍ പോകുന്നതാണ് പുതിയ പ്രശ്നം. സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നത് കേള്‍ക്കാതെ ദല്‍ഹിയിലിരുന്ന് പറയുന്നത് മാത്രമാണ് അസം നേതൃത്വം പരിഗണിക്കുന്നതെന്നാണ് വിമത എം.എല്‍.എമാര്‍ പറയുന്നത്.
ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മുമായി ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഹേമന്ത് സോറനോടാണ് അതൃപ്തി. സഖ്യകക്ഷിയായിട്ടും മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനങ്ങള്‍ ഏല്‍പ്പിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഇതിനിടെ സോറന്, ദല്‍ഹിയിലെത്തിയെങ്കിലും സോണിയ ഗാന്ധിയെ കാണാന്‍ അനുമതി ലഭിച്ചില്ല.
ഗുജറാത്തില്‍ പി.സി.സി. അധ്യക്ഷനായ ഹാര്‍ദിക് പട്ടേലിന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണയില്ല. ഇത് പരസ്യമാക്കി ഹര്‍ദിക് തന്നെ രംഗത്തെത്തിയിരുന്നു. മാത്രമല്ല ആം ആദ്മി സംസ്ഥാനത്ത് മികച്ച അടിത്തറയുണ്ടാക്കുമ്പോള് ബി.ജെ.പിയ്ക്കെതിരെ ഒന്നും ചെയ്യാന്‍ സംസ്ഥാനത്താകുന്നില്ലെന്ന വികാരം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.