ഉത്തർപ്രദേശ് ഗോരഖ്പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാലയിൽ വൈസ് ചാൻസലറെയും രജിസ്ട്രാറെയും മർദിച്ച് എ.ബി.വി.പി പ്രവർത്തകർ. സംഭവത്തിൽ ഇടപെട്ട പൊലീസുകാർക്കും മർദനമേറ്റു. സർവകലാശാലയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവർത്തകർ കുറച്ച് ദിവസങ്ങളായി പ്രതിഷേധത്തിലാണ്. ഒരാഴ്ച മുമ്പ് എബിവിപി പ്രവർത്തകർ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ വൈസ് ചാൻസലറുടെ കോലം കത്തിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ മുതൽ യൂണിവേഴ്സിറ്റി ഗേറ്റിൽ സമരം ചെയ്യുന്ന എ.ബി.വി.പി അംഗങ്ങളുമായി സർവകലാശാലയിലെ ഉദ്യോഗസ്ഥൻ ചര്‍ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ്സംഘര്‍ഷം ആരംഭിച്ചത്. വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസ് തകർക്കുകയും വാതിൽ തകർക്കുകയും ചെയ്തു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പ്രൊഫസർമാർക്കും മർദനമേറ്റു.

വിവരമറിഞ്ഞ് വൻ പൊലീസ് സേനയും സംഭവ സ്ഥലത്തെത്തി. എന്നാൽ ഇതോടെ സംഘർഷം രൂക്ഷമായി. പൊലീസിനെയും എ.ബി.വി.പി പ്രവർത്തകർ മർദിച്ചു. ഇതോടെ വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. ചില എ.ബി.വി.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *