മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നതാണ് ആകാംക്ഷ. പ്രത്യേക പദവിയെന്ന ആവശ്യം സഖ്യകക്ഷി സര്‍ക്കാരുകള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായക ചോദ്യമാണ്.സാമ്പത്തികവും സാമൂഹികവുമായ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം ചരിത്രപരമായ നടപടികളും പുതിയ സര്‍ക്കാരിന്‍റെ ബജറ്റിലുണ്ടാകുമെന്നാണ് ഇക്കുറി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്പതി ദ്രൗപദി മുര്‍മ്മു വ്യക്തമാക്കിയത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളെയും പൊതു ജനങ്ങളെയും ഒരു പോലെ പ്രതീപ്പെടുത്തണമെന്നതിനാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്.ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തുമോയെന്നതാണ് പ്രധാന ചോദ്യം. ജിഎസ്ടി നിരക്കുകള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലക്കും ചെറുകിട വ്യാപാര മേഖലക്കും കൂടുതല്‍ പിന്തുണ നല്‍കിയേക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തൊഴിലവസരം കൂട്ടേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്. റോഡ് വികസനം, റയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. ഡിജിറ്റല്‍ ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ശക്തി പകരാനുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *