
എല്ലാ വിദ്യാര്‍ഥികള്‍ക്കും ആധുനിക സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കക്കാട് ഗവ. എല്‍ പി സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സംസ്ഥാന പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വര്‍ണക്കൂടാരം ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടം ഒരു വിദ്യാലയത്തിന്റെ വിജയത്തില്‍ വളരെ പ്രധാനമാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള സ്കൂളുകള്‍ സ്ഥാപിക്കുകവഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ലിന്റോ ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.34 കോടി രൂപ ചെലവിട്ടാണ് കക്കാട് ഗവ. എല്‍പി സ്കൂളിന്റെ ആധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവിട്ടുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനും തുടക്കം കുറിച്ചു. എസ്എസ്കെ ഫണ്ടുപയോഗിച്ചാണ് വര്‍ണക്കൂടാരം ഒരുക്കിയത്.
ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. എക്സി. എഞ്ചിനീയര്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിജിത സുരേഷ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എം എ സൗദ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ആമിന എടത്തില്‍, എസ്എസ്കെ ജില്ലാ കോഓഡിനേറ്റര്‍ എ കെ അബ്ദുല്‍ ഹക്കീം, മുക്കം എഇഒ ടി ദീപ്തി, പ്രാധാനാധ്യാപിക ജാനീസ് ജോസഫ്, പിടിഎ പ്രസിഡന്റ് മുനീര്‍ പാറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു
