തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷം. ആരോപണ വിധേയൻ അന്വേഷിച്ച റിപ്പോർട്ട് ആണിതെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘കമ്മിഷണറാണ് കുഴപ്പമുണ്ടാക്കിയത് എന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് കമ്മിഷണറെ മാറ്റിനിര്‍ത്തി. പക്ഷേ പിന്നീടാണ് പുറത്തുവന്നത് ഈ എ.ഡി.ജി.പി.( ലോ ആന്‍ഡ് ഓര്‍ഡര്‍) മുഴുവന്‍ സമയവും അവിടെ ഉണ്ടായിരുന്നു എന്ന്. കമ്മിഷണര്‍ കുഴപ്പമുണ്ടാക്കിയാല്‍ എ.ഡി.ജി.പി. നോക്കിയിരിക്കുമോ? അതിന്റെ മീതെയുള്ള മുഖ്യമന്ത്രി നോക്കിയിരിക്കുമോ?’ -വി.ഡി. സതീശന്‍ ചോദിച്ചു.

‘ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഇല്ലേ? മുഖ്യമന്ത്രി അറിഞ്ഞല്ലോ. എന്തുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ടില്ല? സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി. (ലോ ആന്‍ഡ് ഓര്‍ഡര്‍) എന്തുകൊണ്ട് ഇടപെട്ടില്ല? ഇവരെല്ലാം അറിഞ്ഞുകൊണ്ട് നടത്തിയ ഗൂഢാലോചനയാണ്. ഒറ്റ ഫോണ്‍ കോളില്‍ കമ്മിഷണര്‍ നിക്കില്ലേ അവിടെ. അല്ലെങ്കില്‍ എ.ഡി.ജി.പി. അവിടെ ചെന്ന് കമ്മിഷണറെ നിയന്ത്രിക്കില്ലേ? എന്തിനാണ് എ.ഡി.ജി.പി. (ലോ ആന്‍ഡ് ഓര്‍ഡര്‍) അനൗദ്യോഗികമായിട്ടാണെങ്കിലും അവിടെ ക്യാമ്പ് ചെയ്തത്?’ -വി.ഡി. സതീശന്‍ തുടര്‍ന്നു.

ബി.ജെ.പിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഉത്സവം കലക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി സി.പി.എമ്മുമായി ചേര്‍ന്ന് ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *