കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പാലത്തിൻറെ മപ്രം ഭാഗത്ത് നടക്കുന്ന അവസാന ഘട്ട കോൺക്രീറ്റ് സൈറ്റ് പി.ടി.എ റഹീം എം.എൽ.എ സന്ദർശിച്ചു. 2016-17 ബഡ്ജറ്റിൽ പ്രഖ്യാപിച്ച കൂളിമാട് പാലത്തിൻറെ പ്രവൃത്തി 2019 മാർച്ച് 09 ന് അന്നത്തെ എക്സൈസും തൊഴിലും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ചിരുന്നു. തുടർന്ന് വന്ന പ്രളയത്തിൽ പാലത്തിൻറെ പ്രവൃത്തിക്കായി നാട്ടിയ സംവിധാനങ്ങൾ ഒലിച്ചുപോവുകയും നിർമ്മാണ സാമഗ്രികൾ നശിക്കുകയും ചെയ്തതോടെ പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. പ്രളയത്തെ പ്രതിരോധിക്കുന്ന രീതിയിൽ പാലത്തിൻറെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കിയശേഷമാണ് പിന്നീട് പ്രവൃത്തി പുനരാരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി കരാർ എടുത്ത കൂളിമാട് പാലത്തിന് കിഫ്ബി മുഖേന 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്.

പാലത്തിന് 35 മീറ്റർ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളും ഉൾപ്പെടെ 309 മീറ്റർ നീളമുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും നിർമ്മിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആകെ 13 തൂണുകളും രണ്ട് വശങ്ങളിലും അബട്ട്മെന്റുകളും ഉള്ള ഈ പാലം പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ളവർക്കടക്കം കരിപ്പൂർ എയർപോർട്ടിലേക്കും തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായകമാവും.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, കെ.ആർ.എഫ്.ബി എക്സി. എഞ്ചിനീയർ കെ അബ്ദുൽ അസീസ്, അസി. എക്സി. എഞ്ചിനീയർ പി.ബി ബൈജു, അസി. എഞ്ചിനീയർ എം അബ്ദുൽ വഹാബ്, ഓവർസിയർ എൽ ഹാരിസ് , ടി.വി ബഷീർ, എ റസാഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *