തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ തിരുനെൽവേലിയിലെത്തി. കേരളത്തിന്റെ ആക്ഷൻ പ്ലാൻ സംബന്ധിച്ച് കല്ലൂർ സ്കൂളിൽ തമിഴ്നാട് ഉദ്യോഗസ്ഥരുമായി ഇപ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉടൻ മാലിന്യം നീക്കം ചെയ്യും. മാലിന്യ നീക്കത്തിന് ജെസിബി ഉൾപ്പടെയുള്ള സംവിധാനങ്ങൾ തമിഴ്നാട് നൽകും.കേരള-തമിഴ്നാട് സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്.

മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടു പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നാണ് തമിഴ്നാട് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനമായിട്ടുണ്ട്. മാലിന്യം കൊണ്ടുപോകാൻ കരാറെടുത്ത സനേജ് കമ്പനിയുമായുള്ള കരാർ RCC റദ്ദാക്കും. മാലിന്യം തള്ളിയതിൽ സനേജ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി.മാലിന്യം തള്ളിയതിൽ നിയമപരമായ നടപടി സ്വീകരിക്കാൻ RCCക്ക് നിർദ്ദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുനെൽവേലിയിലെ കല്ലൂർ,പളവൂർ,കൊണ്ടാനഗരം എന്നീ നാല് പഞ്ചായത്തുകളിൽ 11 ഇടങ്ങളിലാണ് ആശുപത്രിയിൽ നിന്നുള്ള മാലിന്യക്കൂമ്പാരം ഉണ്ടായിരുന്നത്. മാലിന്യങ്ങൾക്കിടയിൽ ആർ.സി.സിയിലെ രോഗികളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ ചികിൽസാ രേഖകളും വന്നതോടെയാണ് സംഭവം വിവാദമായത്. കേരളം അടിയന്തരമായി മാലിന്യം നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് എത്രയും വേഗമുള്ള ഈ നടപടി.

എന്നാൽ കേരളത്തിൽ നിന്ന് പാറയും മണലുമെടുക്കാൻ വരുന്ന ലോറികളാണ് മാലിന്യങ്ങൾ കൊണ്ടു വന്നു തള്ളുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബയോ മെഡിക്കൽ വേസ്റ്റുകളും പ്ലാസ്റ്റിക്കും കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രദേശവാസികളുടെ ഉപജീവനമാർഗമായ കന്നുകാലികൾ മേയുന്ന സ്ഥലം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *