വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് – ബിജെപി ക്രിമിനലുകളാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രതികൾ ആരെന്ന് പകൽ പോലെ വ്യക്തമായിട്ടും മാധ്യമങ്ങൾ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന അക്രമിരാഷ്ട്രീയം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് അതീവ ഗൗരവത്തോടെയും സത്യസന്ധമായും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതനിരപേക്ഷ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന കേരളീയ സമൂഹത്തിന് ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. വർഗീയ ശക്തികളുടെ ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു.
അതേസമയം വാളയാറിലെ ആൾക്കൂട്ട കൊലപാതകം കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് വലിയ അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ക്രൂരമായ മർദ്ദനമേറ്റു കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. നാടിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കേസിൽ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
