കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികളുടെ ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും 31,34,000 പേര്‍ക്ക് സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. സാറ ജാഫര്‍ അധ്യക്ഷയായി. കണ്‍സ്യൂമര്‍ഫെഡ് മുന്‍ചെയര്‍മാന്‍ എം മെഹബൂബ് ആദ്യ വില്‍പന നിര്‍വഹിച്ചു. റീജണല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ വൈ എം പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രിസ്മസ്, പുതുവത്സര വേളയില്‍ വിലക്കയറ്റം തടയുകയും അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയും ചെയ്യുന്നതിനായാണ് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ആരംഭിച്ചത്. ജനുവരി ഒന്ന് വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ 14 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണികള്‍ പ്രവര്‍ത്തിക്കും.

ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയോടെ ലഭ്യമാകും. മറ്റു ഉല്‍പന്നങ്ങള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും ഓഫറില്‍ ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ എന്നിവയും ക്രിസ്മസ്, പുതുവത്സര കേക്കുകളും വിലക്കുറവില്‍ ലഭിക്കും. ഒരു ദിവസം 50 പേര്‍ക്കാണ് നിത്യോപയോഗ സാധനങ്ങള്‍ നല്‍കുക. തിരക്ക് ഒഴിവാക്കാന്‍ സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേനയാണ് സാധനങ്ങളുടെ വിതരണം

Leave a Reply

Your email address will not be published. Required fields are marked *