യുഡിഎഫിന്റെ ഭാഗമാകുമെന്ന വാർത്തകൾ തള്ളി ഇന്ത്യൻ നാഷണൽ കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. താൻ മുന്നണി പ്രവേശനത്തിനായി യുഡിഎഫിന് അപേക്ഷ നൽകിയിട്ടില്ലെന്നും, ഇങ്ങനെയൊരു വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സി.കെ. ജാനുവിന്റെ പാർട്ടിക്കൊപ്പം കാമരാജ് കോൺഗ്രസിനെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ ഇപ്പോഴും ഒരു സ്വയംസേവകനാണെന്നും എൻഡിഎ മുന്നണിയുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അത് പരിഹരിക്കാൻ സാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ വിട്ട് മറ്റൊരു മുന്നണിയിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ല. മുന്നണി മാറ്റത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിടാൻ യുഡിഎഫ് നേതൃത്വത്തെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം മുന്നണിയിൽ മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നുണ്ടെന്നും തന്റെ പല പരാതികളും അദ്ദേഹം പരിഹരിച്ചിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. എന്നാൽ എൻഡിഎയിലെ മറ്റ് ഘടകകക്ഷികളോടുള്ള സമീപനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഘടകകക്ഷികൾക്ക് അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന വിഷയം അടുത്ത എൻഡിഎ യോഗത്തിൽ ഉന്നയിക്കുമെന്നും മുന്നണി രീതികൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുമായി സൗഹൃദത്തിന്റെ പേരിൽ സംസാരിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ മുന്നണിയിൽ ചേരാൻ അപേക്ഷ നൽകിയെന്ന യുഡിഎഫിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും നേതാവിന് താൻ അപേക്ഷാ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പരസ്യമായി പുറത്തുവിടാൻ അദ്ദേഹം യുഡിഎഫ് നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു.
