വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ദിശ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ ഐതിഹാസികമെന്ന് വിശേപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ബിജെപി കേരളത്തിൽ അടിത്തറയിട്ടതായും മോദി പറഞ്ഞു. ഗുജറാത്തിൽ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയിൽനിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

‘കേരളത്തിലിത്തവണ പരിവർത്തനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുടെ ആവേശം കാണുമ്പോൾ എനിക്കതറിയാം. 1987ന് മുമ്പ് ഗുജറാത്തിൽ തോൽവികൾ ഏറ്റുവാങ്ങുന്ന ഒരു പാർട്ടിയായിരുന്നു. പത്രത്താളുകളിൽ പോലും ബിജെപി ഇടംപിടിച്ചിരുന്നില്ല. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി നാം പിടിച്ചു. അവിടെ നിന്നാണ് ബിജെപി ഗുജറാത്തിൽ വിജയ യാത്ര തുടങ്ങിയത്. അതുപോലെയാണിപ്പോൾ തിരുവനന്തപുരത്തും. ഒരു പട്ടണത്തിൽനിന്ന് തുടങ്ങിയ ജൈത്ര യാത്ര തിരുവനന്തപുരത്ത് നിന്നും നമുക്ക് തുടങ്ങണം. കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്’ മോദി പറഞ്ഞു.

തിരുവനന്തപുരത്തെ ജയം അത്ഭുതവും ഐതിഹാസികവുമാണ്. ഇതോടെ ബിജെപി കേരളത്തിൽ അടിത്തറയിട്ടു. അതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ട്. ഇടത് വലത് അഴിമതി ഭരണത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

മാറാത്തത് ഇനി മാറും എന്ന് പ്രധാനമന്ത്രി മലയാളത്തിൽ പറഞ്ഞു. ഏഴുപതിറ്റാണ്ടായി തിരുവനന്തപുരത്തോട് ഇടത് വലത് മുന്നണികൾ അനീതി കാണിക്കുന്നു. വികസിത തിരുവനന്തപുരമെന്ന സ്വപ്‌നം യാഥാർഥ്യമാകാൻ പോകുകയാണ്. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ നൽകും. കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്ത്. ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നത്. ഇടതും വലതും. ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകും. അത് വികസനത്തിന്റെ എൻഡിഎ എന്ന പക്ഷമാണ്.

ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. യുഡിഫിൻ്റെയും എൽഡിഎഫിൻ്റെയും അജണ്ട ഒന്നാണ്. പൂർണമായും അഴിമതിയും, ഉത്തരവാദിത്തമില്ലായ്മയുമാണ് അജണ്ട എന്നും മോദി വിമർശിച്ചു. അഞ്ച് വർഷം കഴിഞ്ഞാൽ എൽഡിഎഫിനും യുഡിഎഫിനും ഭരണം കിട്ടില്ലെന്ന് അറിയാം. എൻ്റെ വാക്ക് കേട്ട് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ എന്നും ജനങ്ങളോട് മോദി പറഞ്ഞു.

ഇടത് സർക്കാരിനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ അഡ്‌ജസ്റ്റ്മെൻ്റ് ഭരണം അവസാനിപ്പിച്ച്, ഒരു മാറ്റം വരണം. എൽഡിഎഫ് വികസനത്തിൻ്റെ ശത്രവാണ്. വികസനത്തിന് കേരളത്തിൽ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണം. കോൺഗ്രസിന് വികസനം എന്ന അജണ്ട ഇല്ല. അവരെ സൂക്ഷിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.

കേരളത്തിൽ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിച്ചില്ല. പക്ഷേ ബിജെപി സർക്കാരിന് സാധിച്ചു. കേരളത്തിലെ റെയിൽവേ ശൃംഖല പൂർണമായും വൈദ്യൂതികരിക്കാൻ കഴിഞ്ഞു. 3 വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്തത്. അമ്യത് ഭാരത് ട്രെയിനുകൾക്കും തുടക്കം കുറിച്ചു. 6 മാസത്തിനുള്ളിൽ വിഴിഞ്ഞം പോർട്ട് 100 ലധികം കപ്പലുകൾ വന്നു. നിരവധി ആളുകൾക്ക് തൊഴിലവസരം കിട്ടി. പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കാൻ അവസരം ലഭിച്ചു. 3 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുവെന്നും മോദി അറിയിച്ചു.

കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമല്ല. സാധാരണക്കാരുടെ പണം ഇടത്- വലത് നേതാക്കൾ മോഷ്ടിച്ചു. സഹകരണ ബാങ്ക് തട്ടിപ്പ് പരാമർശിച്ച മോദി, കേരളത്തിലെ അഴിമതിക്ക് ബ്രേക്ക് ഇടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര പദ്ധതികൾ കേരളം നടപ്പാക്കുന്നില്ലെന്നും പിഎം ശ്രീയിലൂടെ വിദ്യാർഥികൾക്ക് കിട്ടേണ്ട സഹായം ഇല്ലാതാക്കിയെന്നും ചൂണ്ടിക്കാട്ടി. പിഎം ആവാസ് യോജനയും കേരളം നന്നായി നടപ്പാക്കിയില്ലെന്നും മോദി പറഞ്ഞു.

ശബരിമലയിൽ നിന്നും ഭഗവാൻ്റെ സ്വർണം മോഷ്ടിച്ചു. ക്ഷേത്രങ്ങളിൽ നിന്ന് ദൈവങ്ങളുടെ സ്വർണം കവരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ മോഷ്ടാക്കൾ ജയിലിലാണ്. കള്ളന്മാരെ ജയിലിൽ എത്തിക്കുമെന്ന് മോദിയുടെ ഗ്യാരണ്ടിയാണ് എന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *