അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില വരുന്ന ആമ്പർ ഗ്രീസ് പിടികൂടി
അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില വരുന്ന ആമ്പർ ഗ്രീസ് വിൽപ്പനയ്ക്കായി എത്തിച്ച രണ്ടു യുവാക്കളെ വാഹനമടക്കം കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. കോഴിക്കോട് NGO കോട്ടേഴ്‌സിനടുത്തു വച്ചു തിമിംഗല ഛർദ്ദി വിൽപ്പനക്കായി സംഘം എത്തുന്നുണ്ടെന്നു കോഴിക്കോട് വിജിലൻസ് ഡി.എഫ്.ഒ കെ.കെ. സുനിൽ കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കാറിൽ ആമ്പർ ഗ്രീസുമായി എത്തിയ സംഘത്തെ പിടികൂടിയത്. നരിക്കുനി കിഴക്കോത്ത് ആയിക്കോട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ അജ്മൽ റോഷൻ 29, നീലേശ്വരം മലയമ്മ മഠത്തിൽ മുഹമ്മദിന്റെ മകൻ സഹൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 5 കിലോയോളം ആമ്പർ ഗ്രീസ് കണ്ടെടുത്തു. പ്രതികൾ വിൽപ്പനയ്ക്കായി വന്ന മാരുതി ബ്രെസ കാറും വനപാലകർ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ ഒന്നര വർഷം മുൻപ് ഇന്തോനേഷ്യയിൽ നിന്നു കൊണ്ടുവന്നതാണ് ആമ്പർഗ്രീസ്. രണ്ടര കോടി രൂപക്ക് വിൽപന ഉറച്ചു സാധനം കൈമാറുന്നതിനായി സംഘം എത്തിയപ്പോഴാണ് വനപാലകരുടെ പിടിയിലായത്. കോഴിക്കോട് വിജിലൻസ് റെയിഞ്ച് ഓഫീസർ പി. പ്രഭാകരൻ, താമരശ്ശേരി റെയിഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് അസ്‌ലം, ആസിഫ്, ദേവാനന്ദൻ, സനോജ്, ശ്രീനാഥ് ,ഡ്രൈവർ പ്രസാദ്, ജിതേഷ്, ജിതീഷ്‌ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിലൊരാളെ സിനിമാസ്റ്റൈലിൽ ആണ് വനപാലക സംഘം പിന്തുടർന്നതും തുടർന്ന് കാറിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ ഓടിച്ചു പിടിച്ചതും. പ്രതികളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി II റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *