മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക് അറസ്റ്റില്‍. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ ഏഴരയോടെ മാലിക്കിനെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ഈ ആഴ്ച മുംബൈയില്‍ നടന്ന റെയിഡുകളില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിരവധിപ്പേര്‍ അറസ്റ്റിലായിരുന്നു. ഈ ചോദ്യം ചെയ്യലിൽ നിന്നാണ് നവാബ് മാലിക്കുമായി ബന്ധപ്പെട്ട ഒരു സ്ഥലം ഇടപാട് നടന്നതായി വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ചോദ്യം ചെയ്യുന്നവരെ ഉപദ്രവിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു സംഭവത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികള്‍ മുസ്‌ലിങ്ങളാണെങ്കില്‍ അവരെ ദാവൂദുമായി ബന്ധപ്പെടുത്തുന്നത് ഇവരുടെ ശീലമാണെന്നും പവാര്‍ പ്രതികരിച്ചു.