ചണ്ഡിഗഢ്: കൊവിഡ് ബാധിക്കുമെന്ന ഭയത്താൽ മൂന്ന് വർഷമായി വീട്ടിനുളളിൽ കഴിഞ്ഞിരുന്ന യുവതിയെ പൊലീസെത്തി പുറത്തിറക്കി. പത്ത് വയസുളള മകനെയും പുറത്തിറങ്ങാൻ യുവതി അനുവദിച്ചിരുന്നില്ല. ചണ്ഡിഗഢിലെ ഗുരു​ഗ്രാമിലാണ് സംഭവം. യുവതിയുടെ ഭർത്താവും സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറുമായ സുജൻ മാജി പൊലീസിൽ വിവരം നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

പത്ത് വയസുകാരനായ തന്റെ മകൻ പുറത്തിറങ്ങിയാൽ കൊവിഡ് ബാധിച്ച് മരിക്കും എന്ന ഭയമാണ് മുൻമുൻ മാജി(33) എന്ന യുവതിയുടെ പ്രവർത്തിക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ പൊലീസ് ഇവരെ പുറത്തിറക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷം താൻ ജോലിക്കായി ഓഫീസിലേക്ക് പോയെന്നും എന്നാൽ തിരികെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും സുജൻ മാജി പൊലീസിനോട് പറഞ്ഞു. വീടിൻറെ വാടകയും വൈദ്യുതി ബില്ലും അടക്കുകയും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയും സുജൻ ചെയ്തു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ താമസിച്ച സുജൻ പിന്നീട് വീടിന് സമീപത്ത് തന്നെ മറ്റൊരു താമസസ്ഥലം വാടകയ്‌ക്കെടുക്കുകയായിരുന്നു.

കൊവി‍ഡ് തുടങ്ങിയ സമയത്ത് മകന് ഏഴ് വയസായിരുന്നു. ഇപ്പോൾ കുട്ടിക്ക് പത്ത് വയസുണ്ട്. ഈ മൂന്ന് വർഷമായി കുട്ടി അമ്മയെയല്ലാതെ മറ്റാരെയും കണ്ടിട്ടില്ല. കുട്ടി പെൻസിൽ ഉപയോ​ഗിച്ച് ചുവരുകളിൽ ചിത്രം വരയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. മൂന്നു വർഷമായി കുട്ടി പുറത്തെ വെളിച്ചം പോലും കണ്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഫ്ലാറ്റിൽ കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മൂന്ന് വർഷമായി മാലിന്യം പുറത്തേക്ക് കളഞ്ഞിരുന്നില്ല. വസ്ത്രങ്ങൾ, മുടി, ഒഴിഞ്ഞ പലചരക്ക് പാക്കറ്റുകൾ എന്നിവയെല്ലാം ചിതറിക്കിടക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സിവിൽ സർജൻ ഡോ വീരേന്ദർ യാദവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *