ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി. ശ്വാസതടസ്സം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് ബോധരഹിതയായെന്നും മരിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടേഴ്‌സ് പറഞ്ഞു.

നെബുലൈസേഷന്‍, അഡ്രിനാലിന്‍ കുത്തിവയ്പ്പുകളാണ് എടുത്തതെന്നും ഇത് ഒരിക്കലും മരണകാരണമാകില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ശ്വാസംമുട്ടുമൂലം കുഞ്ഞ് അവശയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ വ്യക്തമാകൂ.

രണ്ടര വസയുകാരിയായ ഐഷാ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തയുടന്‍ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. ഈ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയ്ക്ക് കുറച്ച് ദിവസമായി കണ്ണിന് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പനിയും ശ്വാസതടസവുമുണ്ടായപ്പോഴാണ് ഇന്ന് മമല്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്. ശ്വാസതടസ്സം നേരിട്ട കുട്ടിയ്ക്ക് രണ്ട് കുത്തിവയ്പ്പുകളാണ് ആശുപത്രിയില്‍ നിന്നെടുത്തത്. കുത്തിവയ്പ്പിന് ശേഷം കുഞ്ഞ് ബോധരഹിതയായി. കുഞ്ഞിന്റെ നില മോശമായെന്ന് പറഞ്ഞ് മമല്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ നെയ്യാര്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ ഈ വിവരം പോലും തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മരിച്ചെന്നാണ് നെയ്യാര്‍ മെഡിസിറ്റി അധികൃതര്‍ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

രണ്ട് കൈയിലും കുത്തിവയ്പ്പ് എടുത്തയുടന്‍ തന്നെ കുഞ്ഞ് ശ്വാസമെടുക്കാനാകാതെ പിടഞ്ഞെന്നും ചുണ്ടുകള്‍ കോടിയതായി തോന്നിയെന്നുമാണ് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് ആര്യനാട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *