നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുളളത്. 2,74,46,039 പേരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.സൂക്ഷമ പരിശോധനയ്ക്ക് ശേഷം 1061 പത്രികകളാണ് സ്വീകരിച്ചിരുന്നത്. ഇതില്‍ 104 പേര് ഇന്നലെ പത്രിക പിന്‍വലിച്ചിരുന്നു. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തന്നെ തള്ളിയിരുന്നു. ഇതോടെ ദേവികുളത് മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
സംസ്ഥാനത്തെ ഏഴ് മണ്ഡലത്തില്‍ 11 സ്ഥാനാര്‍ഥികള്‍ വീതം മത്സരിക്കുന്നുണ്ട്. പത്രിക പിന്‍വലിച്ചവരില്‍ വിമതരും അപരന്മാരും ഉള്‍പ്പെടുന്നു. ഏലത്തൂരില്‍ കോണ്‍ഗ്രസ് വിമതന് യു വി ദിനേശ് മണിയും മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയും കെ സുരേന്ദ്രന്റെ അപരനുമായ കെ സുന്ദരയും പത്രിക പിന്‍വലിച്ചു.
111 പേര് മത്സരിക്കുന്ന മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. സപ്ലിമെന്ററി വോട്ടര്‍പട്ടികയില്‍ ഏഴ് ലക്ഷത്തിലധികം വോട്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ടതോടെ സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം 2,74,46,039 ആയി. 2790 പ്രവാസി വോട്ടുകളും 69 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ട്. 80 വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് ഇത്തവണ തപാല്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വയനാട്ടിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍, 18 പേര്. എറണാകുളം 99, തിരുവനന്തപുരം 99, കോഴിക്കോട് 96, കൊല്ലം 79, തൃശൂര്‍ 77, കണ്ണൂര്‍ 75, പാലക്കാട് 73, കോട്ടയം 66, ആലപ്പുഴ 60, പത്തനംതിട്ട 39, കാസര്‍കോട് 38, ഇടുക്കി 27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
