കേരളത്തിൽ ബിജെപി വളരാത്തത് എന്തെന്ന ചോദ്യത്തിന് സംസ്ഥാനത്തെ സാക്ഷരതയും വിദ്യാഭ്യാസവും ചൂണ്ടിക്കാട്ടി ഒ രാജഗോപാൽ എംഎൽഎ.ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിലാണ് പ്രതികരണം. ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് ഒ.രാജഗോപാല്‍ നല്‍കുന്ന മറുപടി ഇങ്ങനെ ” കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ടോ മൂന്നോ ഘടകങ്ങള്‍ ഉണ്ട്. ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്. ഇവിടെയുള്ളവര്‍ ചിന്തിക്കും, സംവദിക്കും, ഇത് വിദ്യാസമ്പന്നരായ സമൂഹത്തിന്റെ ശീലങ്ങളാണ്. അതൊരു പ്രശ്‌നമാണ്.

രണ്ടാമത്, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. എല്ലാ കണക്കുകൂട്ടലിലും ഈ വസ്തുത കടന്ന് വരും. അതിനാല്‍ കേരളത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാനാകില്ല. ഇവിടെ കൃത്യമായ വളര്‍ച്ച ബിജെപിക്കുണ്ട്. പതുക്കെയാണ്, സ്ഥിരതയോടെയുമാണ്.

സംസ്ഥാനത്ത് ഇടത് മുന്നണിക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്നും നേമത്തെ ബിജെപി എം.എല്‍.എ കൂടിയായ ഒ. രാജഗോപാല്‍. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ദുര്‍ബലരായ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ജനങ്ങള്‍ താല്‍പ്പര്യം കാണിക്കില്ലെന്നാണ് രാജഗോപാല്‍ അഭിപ്രായപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലെന്നും രാജഗോപാല്‍. നല്ലത് കണ്ടാല്‍ അഭിനന്ദിക്കണം. അതാണ് സത്യസന്ധത. രാഷ്ട്രീയക്കാരനാകുമ്പോള്‍ കള്ളമാണ് പറയേണ്ടത് എന്നൊന്നുമില്ല. വി.എസ് അച്യുതാനന്ദനെക്കുറിച്ച് ഇതേ അഭിപ്രായമില്ല. പിണറായി വിജയന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യയുന്നതില്‍ മിടുക്കുള്ളയാളാണ്. പിണറായി വിജയന്‍ ഭരണത്തില്‍ വരണമെന്ന ചിന്തയാണ് ചിലര്‍ക്കുള്ളതെന്നും ഒ.രാജഗോപാല്‍.

Leave a Reply

Your email address will not be published. Required fields are marked *