ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയില്‍ സി.ബി.ഐ ശനിയാഴ്ച റെയ്ഡ് നടത്തി.
ചോദ്യക്കോഴ കേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്തയടക്കം മഹുവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതെന്ന് സിബിഐ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരേ സമയമാണ് കൊല്‍ക്കത്തയിലും മറ്റ് നഗരങ്ങളിലുമുള്ള മൊയ്ത്രയുടെ വസതികളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സംഘം എത്തിയത്.
മുന്‍ എംപികൂടിയായ മഹുവയ്ക്കെതിരെ ലോക്പാല്‍ നിര്‍ദേശപ്രകാരം സി.ബി.ഐ വ്യാഴാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സഭയുടെ മാന്യതക്ക് നിരക്കാത്ത പെരുമാറ്റത്തിന് കഴിഞ്ഞ ഡിസംബറിലാണ് മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കിയത്. ഇതിനെതിരെ മൊയ്ത്ര നല്കിയ ഹര്‍ജി മേയില്‍ സുപ്രീം കോടതി പരിഗണിക്കും.