പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്. തന്റെ വാക്കുകൾ പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ടെന്നും അദ്ദേഹത്തിന്റെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഐസക് വ്യക്തമാക്കി. തന്റെ വിമർശനം വ്യക്തിപരമല്ല, മറിച്ച് രാഷ്ട്രീയപരമാണെന്ന് തോമസ് ഐസക് പറഞ്ഞു.

പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടി പറയവേയായിരുന്നു പിഷാരടിയെ ‘കോമാളി വേഷം കെട്ടുന്ന നടൻ’ എന്ന് തോമസ് ഐസക് വിശേഷിപ്പിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളിൽ പിഷാരടിക്കുള്ള രാഷ്ട്രീയ നിലപാടില്ലായ്മയെയാണ് താൻ ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തോൽക്കാൻ പോകുമ്പോൾ ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു.

നേരത്തെ തോമസ് ഐസക്കിന്റെ അധിക്ഷേപത്തിന് രമേഷ് പിഷാരടി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, എനിക്ക് അതിനോടൊപ്പം സംസ്‌കാരവുമുണ്ട്. സംസ്‌കാരം സമരം ചെയ്താൽ കിട്ടുന്നതല്ല. തന്നോടൊപ്പം നിൽക്കാത്ത കലാകാരന്മാർ എപ്പോഴാണ് ഇവർക്ക് വെറുക്കപ്പെട്ടവരായത് എന്നായിരുന്നു പിഷാരടി പറഞ്ഞത്. കുടുംബസദസ്സുകളിൽ പുലർത്തുന്ന അതേ മാന്യത രാഷ്ട്രീയത്തിലും തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും പിഷാരടി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *