ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയും ഗുണ്ടാത്തലവനുമായ അനന്തു (25) എക്സൈസ് സംഘത്തിന്റെ പിടിയിലായി. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി തെക്കേതിൽ സുരേഷിന്റെ മകനായ ഇയാളിൽ നിന്ന് 2.135 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കായംകുളം മേഖലയിൽ ഒട്ടേറെ പരാതികൾ നിലവിലുണ്ട്.

പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയത്. പ്രതിയുടെ അതിക്രമത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിതിൻ എൻ, അരുൺ അശോക് എന്നിവർക്ക് പരിക്കേറ്റു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു എം സി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് തോമസ്, റെനീഷ് എം ആർ തുടങ്ങി മാവേലിക്കര റേഞ്ചിലെയും സ്പെഷ്യൽ സ്ക്വാഡിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *