ന്യൂഡൽഹി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്. കേസിൽ കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ നിർമ്മാതാക്കൾക്കെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാൻ വഴിതെളിഞ്ഞു.

സിനിമയുടെ ലാഭവിഹിതത്തിൽ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ വാങ്ങി വഞ്ചിച്ച് എന്ന് കാട്ടി സിറാജ് ഹമീദ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ബാബു ഷാഹിറാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പരമോന്നത കോടതിയെ സമീപിച്ചത്. നിർമ്മാതാക്കൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായി.

നിർമ്മാണ പങ്കാളികൾ തമ്മിലുള്ള സാമ്പത്തിക തർക്കം എന്നതിലുപരിയായി വഞ്ചനാക്കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. നേരത്തെ ഹൈക്കോടതിയും സമാനമായ രീതിയിൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ചിരുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സ്’ ആഗോളതലത്തിൽ വലിയ സാമ്പത്തിക വിജയം നേടിയതിന് പിന്നാലെയാണ് ലാഭവിഹിതത്തെച്ചൊല്ലിയുള്ള തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. അന്വേഷണം പൂർത്തിയാകുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *