മുംബൈ: ന്യൂഡില്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കോടികള്‍ വിലമതിക്കുന്ന വജ്രം.സംഭവത്തില്‍ വിദേശിയടക്കം നാല് യാത്രക്കാര്‍ അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. കൂടാതെ ശരീരഭാഗങ്ങളിലും ബാഗിലും ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവും കണ്ടെത്തി. ആകെ 6.46 കോടി വിലമതിക്കുന്ന വജ്രവും സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
6.8 കിലോ തൂക്കം വരുന്ന സ്വര്‍ണത്തിന് 4.44 കോടി വില വരും. 2.2 കോടി വിലമതിക്കുന്ന വജ്രമാണ് ന്യൂഡില്‍സില്‍ നിന്നും ലഭിച്ചത്. മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ഒരു ഇന്ത്യന്‍ പൗരനെ പിടികൂടിയപ്പോഴാണ് ട്രോളി ബാഗിനുള്ളില്‍ നൂഡില്‍സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ വജ്രങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ഒരു വിദേശ പൗരനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 321 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടികളും കണ്ടെത്തി. കൂടാതെ, ദുബൈ, അബൂദബി എന്നിവിടങ്ങളില്‍ യാത്ര ചെയ്ത രണ്ട് പേരെ വീതവും ബഹ്റൈന്‍, ദോഹ, റിയാദ്, മസ്‌കത്ത്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്ത ഒരാളെ വീതവും തടഞ്ഞുവച്ച് പരിശോധന നടത്തുകയും ഇവരില്‍ നിന്ന് സ്വര്‍ണം കണ്ടെത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
