ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 29 പേരുടെ ജീവന്‍ എടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ഫുള്ള ഖാലിദ് എന്ന കസൂരിയെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാമിലെ സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് നേരെ നിറയൊഴിച്ച ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലക്ഷകറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് ആയ കസൂരി എന്നാണ് റിപ്പോര്‍ട്ട്. പാക് ഭീകരനും ലഷ്‌കറെ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കസൂരി. പാക് സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത് എന്നും ഇയാള്‍ അറിയപ്പെടുന്നു. ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിലും കസൂരിക്ക് പങ്ക് ഉണ്ടെന്നാണ് വിവരം.

വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ കസൂരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷണം അനുസരിച്ച് പഞ്ചാബിലെ കങ്കണ്‍ പൂരില്‍ കസൂരി സൈനികര്‍ക്കായി പ്രസംഗിച്ചിരുന്നു. പാക് സൈന്യത്തിലെ കേണല്‍ സാഹിദ് സെരീന്‍ ഘട്ടക്കിന്റെ ക്ഷണമനുസരിച്ച് എത്തിയ കസൂരിയെ പൂക്കള്‍ വര്‍ഷിച്ചാണ് പാക് സൈന്യം അന്ന് സ്വീകരിച്ചത്. ഫെബ്രുവരി രണ്ടിന് ഖൈബര്‍ പഖ് തൂണ്‍ ഖ്വയില്‍ നടത്തിയ പ്രസംഗത്തിലും ഇന്ത്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയിരുന്നു. 2026 ഫെബ്രുവരിക്ക് മുമ്പ് കാശ്മീര്‍ പിടിച്ചെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ആക്രമണം ശക്തമാക്കും എന്നായിരുന്നു കസൂരിയുടെ പരാമര്‍ശം.

ലഷ്‌കറെ തൊയ്ബയുടെ പെഷാവര്‍ ആസ്ഥാനത്തിന്റെ തലവന്‍ കൂടിയാണ് കസൂരി. 2016 യുഎസ് ഭീകരവാദ പട്ടികയിലും 2009 യുഎന്‍ ഉപരോധ പട്ടികയിലും ഇയാള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *