മക്ക: ഹജ്ജ് തീര്‍ഥാടനം പണപ്പിരിവിനും മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍. ഹജ്ജ് വേളയില്‍ പണമായോ വസ്തുക്കളായോ സംഭാവനകള്‍ ശേഖരിക്കുന്നത് തീര്‍ഥാടനത്തെ ചൂഷണം ചെയ്യലാണെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
സംഭാവനകള്‍ ശേഖരിക്കുന്നതിനായി ആത്മീയതയും ഹജ്ജ് കര്‍മ്മങ്ങളുടെ വിശുദ്ധിയും ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭാവനകള്‍ ശേഖരിക്കുന്നതിനായി തീര്‍ത്ഥാടനത്തെ ചൂഷണം ചെയ്യുന്നത് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അര്‍ഹതയുള്ള പ്രധാന കുറ്റകൃത്യങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹജ്ജ് വേളയില്‍ അധികാരികളില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി വാങ്ങാതെ ഏതെങ്കിലും വിധത്തില്‍ സംഭാവന പിരിക്കുകയോ സാധനങ്ങള്‍ ശേഖരിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനം സുരക്ഷിതമാക്കാനും ഹജ്ജിന്റെ പവിത്രത ഹനിക്കുന്ന അനിഷ്ട സംഭവങ്ങള്‍ തടയാനും സുരക്ഷാ വകുപ്പുകള്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഹജ് സുരക്ഷാ സേന പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നേരിട്ട് വിലയിരുത്തി. തീര്‍ഥാടക സുരക്ഷ ഉറപ്പാക്കാന്‍ ഹജ്ജ് സുരക്ഷാ സേന പൂര്‍ണ സുസജ്ജമാണെന്ന് വിവിധ സുരക്ഷാ വകുപ്പുകളുടെ പരേഡ് ചടങ്ങില്‍ പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ്ജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും പറഞ്ഞു.