തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 24,80,032 വോട്ടര്‍മാരാണ് ആകെയുള്ളത്. 11,77,753 പുരുഷന്മാരും 13,02,256 സ്ത്രീകളും 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടങ്ങിയതാണ് ജില്ലയിലെ പട്ടിക. സംസ്ഥാനത്ത് 2,66,78,256 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,26,32,186 പുരുഷന്മാരും 1,40,45,837 വനിതകളും 233 ട്രാന്‍സ്ജന്‍ഡേഴ്‌സുമാണ്.

അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കിയിരുന്നു.

കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. ആഗസ്റ്റ് ഏഴ് വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ്ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *