കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാരത്തോണ്‍ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസും സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് ആഗസ്റ്റ് നാലിന് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി: 17-25) അഞ്ച് കിലോമീറ്റര്‍ മാരത്തോണ്‍ ‘റെഡ് റണ്‍’ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്ഐവി/എയ്ഡ്സ് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മത്സരം.

രാവിലെ 6.30ന് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണില്‍ ഐടിഐ, പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയവയിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ട്രാന്‍സ്ജെന്‍ഡേഴ്സ്, പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.
പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് മൂന്നിനകം massmediakkd@gmail.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജ് ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം, വയസ്സ്, ലിംഗ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. ഫോണ്‍: 9745275657, 8921580446

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഇന്റര്‍വ്യൂ

പൊതുഅവധിയെ തുടര്‍ന്ന് മാറ്റിയ സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍മാരുടെ ഇന്റര്‍വ്യൂ ജൂലൈ 29ന് ജില്ലാ ട്രൈബല്‍ ഓഫീസില്‍ നടക്കുമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ഇലക്ട്രീഷ്യന്‍ നിയമനം

ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. പരാമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നത് വരെയോ ആയിരിക്കും നിയമനം.
യോഗ്യത: എന്‍ടിസി ഇന്‍ ട്രേഡ് ഇലക്ട്രീഷ്യന്‍/വയര്‍മാന്‍, വയര്‍മാന്‍ ലൈസന്‍സ്. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

അഡ്മിഷന്‍ ആരംഭിച്ചു

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കൊപ്പം ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

ഫിസിഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫിസിഷ്യനെ നിയമിക്കും. യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി മെഡിസിന്‍. മാസവേതനം: 90,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

ഗതാഗതം നിരോധിച്ചു

കൈത്തുട്ടിമുക്ക്-അരയങ്കോട് ചിറ്റാരിപ്പിലാക്കില്‍ റോഡിലെ കുറ്റികുളത്ത് കലുങ്ക് പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇതുവഴി ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കൈത്തുട്ടിമുക്കില്‍നിന്ന് ചിറ്റാരിപ്പിലാക്കല്‍ കൂളിമാട് ഭാഗങ്ങളിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ താത്തൂര്‍ വഴിയോ വെള്ളലശ്ശരി മാളികത്തടം വഴിയോ പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല അദാലത്ത് നടത്തും

പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല അദാലത്ത് നടത്താന്‍ ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗത്തില്‍ തീരുമാനം. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. സമിതിക്ക് ലഭിച്ച പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, നോര്‍ക്ക സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, സര്‍ക്കാര്‍ പ്രതിനിധി ഇഖ്ബാല്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പ്രതിനിധി പി പ്രസില തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ടര്‍പട്ടിക പുതുക്കല്‍: ബിഹാര്‍ സ്വദേശികള്‍ അപേക്ഷ നല്‍കണം

ബിഹാറില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) കര്‍മപരിപാടി നടക്കുന്നതിനാല്‍ ജില്ലയില്‍ താമസിച്ചുവരുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ ജൂലൈ 25നകം voters.eci.gov.in എന്ന പോര്‍ട്ടല്‍ മുഖേനയോ ECINET എന്ന മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷ നല്‍കണം. എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

താല്‍ക്കാലിക ഡോക്ടര്‍ നിയമനം: ഇന്റര്‍വ്യു 29ന്

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ പി ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 29 ന് ഉച്ചയ്ക്ക് 2 മണിക്കാണ് അഭിമുഖം. യോഗ്യത: എംബിബിഎസും ടിസി രജിസ്‌ട്രേഷനും. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയില്‍ രേഖയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവർത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04868-241529, 9947418189.

ഇന്റര്‍വ്യു മാറ്റി

ആരോഗ്യ കേരളം പദ്ധതിയിലേയ്ക്ക് ജില്ലയില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നല്‍കുന്നതിന് വെള്ളിയാഴ്ച (25) രാവിലെ 10 മണിക്ക് നടത്താനിരുന്ന ഇന്റര്‍വ്യു/വാക്ക് ഇന്‍ ഇന്റര്‍വ്യു മാറ്റി വച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in

Leave a Reply

Your email address will not be published. Required fields are marked *