പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെ, തന്റെ ഉപദേശകരെ വസതിയിലേക്ക് വിളിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു. വിവാദവിഷയങ്ങളില്‍ സംസാരിക്കരുതെന്നും ഉപദേശകരെ സിദ്ദു നിയന്ത്രിക്കണമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് തന്റെ ഉപദേശകരായ മല്‍വീന്ദര്‍ സിംഗ് മാലിയേയും പ്യാരേ ലാല്‍ ഗാര്‍ഗിനെയും സിദ്ധു പട്യാലയിലെ വീട്ടിലേക്ക് വിളിപ്പിച്ചത്.
ഓഗസ്റ്റ് 11-നാണ് സിദ്ധുവിന്റെ ഉപദേശകരായി മല്‍വീന്ദര്‍ സിങ്ങും ഗാര്‍ഗും ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റതിന് പിന്നാലെ ഇരുവരും പാകിസ്താന്‍, കശ്മീര്‍ വിഷയങ്ങളില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കണമെന്ന് സിദ്ധു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പരസ്യവിമര്‍ശം.
കശ്മീര്‍ കാശ്മീരികളുടേതാണ്. യു.എന്‍.ഒ. പ്രമേയങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് ഇന്ത്യയും പാകിസ്താനും അനധികൃതമായി കശ്മീരിനെ പിടിച്ചെടുത്തു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കില്‍ ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവയുടെ ആവശ്യമെന്തായിരുന്നു? എന്നായിരുന്നു സിദ്ധുവിന്റെ ഉപദേശകരില്‍ ഒരാളായ മല്‍വീന്ദര്‍ സിംഗ് മാലിയുടെ പരാമര്‍ശം.
