ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകി, ലോകരാജ്യങ്ങളുടെ പ്രശംസ നേടിയ ശാസ്ത്രജ്ഞനും ഐഎസ്ആർഒ ചെയർമാനുമായ
ശ്രീ.എസ്.സോമനാഥന് രണ്ടര ലക്ഷം രൂപ പ്രതിമാസ ശമ്പളം ലഭിക്കുമ്പോൾ, PSC എന്ന ഭരണഘടനാ സ്ഥാപനത്തെ ഒഴിവാക്കി, നിയമന തട്ടിപ്പ് ലക്ഷ്യം വച്ച് സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെൻറ് ബോർഡിൻറെ തലപ്പത്ത് നിയമിച്ച, വിരമിച്ച ചീഫ് സെക്രട്ടറി വി.പി.ജോയ്ക്ക് 5 ലക്ഷം പ്രതിമാസം ശമ്പളം നിശ്ചയിച്ചു.
മന്ത്രിമാരുടെ ഭാര്യമാർക്ക് സർവ്വകലാശാലകളിലെ പ്രൊഫസ്സർ പണിയാണ് ‘അനുയോജ്യ’മെന്ന് കണ്ടെത്തിയ വ്യവസായ മന്ത്രി രാജീവിന്റെ കുബുദ്ധിയിൽ ഉദിച്ചമറ്റൊരു ആശയമാണ് പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെൻറ് ബോർഡ്.
ബോർഡിന്റെ നിഷ്പക്ഷത പൊതുസമൂഹത്തിൽ ഉയർത്തിക്കാട്ടാനായി കഴിഞ്ഞമാസം റിട്ടയർ ചെയ്ത ചീഫ് സെക്രട്ടറി വി.പി.ജോയ്
ഐ എ.എസിനെ ബോർഡിൻറെ ചെയർമാനായി നിയമിക്കുവാനും തീരുമാനിച്ചു.
ചില ന്യായാധിപന്മാരും, ഉന്നത ഉദ്യോഗസ്ഥരും അധികാരത്തിലിരിക്കുമ്പോൾ ഭരിക്കുന്നവരുടെ താൽപര്യങ്ങൾ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്നതിന് പരിതോഷികമായി വിരമിച്ചയുടൻ അർദ്ധ ജുഡീഷ്യൻ കമ്മിഷനുകളിലും, ബോർഡുകളിലും പുനർ നിയമനം നൽകിവരുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച വി.പി ജോയിയുടെ പുനർ നിയമനം.
ഭരണഘടന സ്ഥാപനമായ പിഎസ്സി നിലവിലുള്ളപ്പോൾ, മറ്റൊരു സമാന്തര ബോർഡ് രൂപീകരിച്ചതിന് പിന്നിലെ സർക്കാരിൻറെ ഗൂഢ രാഷ്ട്രീയലക്ഷ്യം ബോധ്യപെട്ടു തന്നെയാവണം വി.പി. ജോയ് പുതിയ പദവിയിൽ കയറിപ്പറ്റിയത്.
തികച്ചും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെൻറ് ബോർഡിൽ നിയമിച്ചിട്ടുള്ളവരിൽ ഒരംഗം ഇടത് സഹയാത്രികനായിരുന്ന ഒഎൻവി കുറുപ്പിന്റെ മകൻ രാജീവാണ്. മുൻ വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ ഇടപെടൽ ആരോപിക്കപ്പെട്ട വിവാദമായ മാർക്ക്ദാന തട്ടിപ്പുകളുടെ മുഖ്യാസൂത്രകരനായിരുന്ന മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷെറിഫാണ് മറ്റൊരു അംഗം.
പല പബ്ലിക് സെക്ടർ സ്ഥാപനങ്ങളുടെയും റിക്രൂട്ട്മെന്റുകൾ PSC നടത്തുമ്പോൾ കോടികൾ ചെലവിട്ട് പുതിയൊരു ബോർഡ് രൂപീകരിച്ചതിലെ ‘ഉദ്ദേശശുദ്ധി’ ആർക്കും വ്യക്തമാകും.
റിക്രൂട്ട്മെന്റുകളിൽ സിപിഎം ന്റെ ഇംഗിതത്തിന് വഴങ്ങുന്നതിനു വേണ്ടി വി.പി. ജോയിക്ക്, മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയുടെ ഒന്നേകാൽ ലക്ഷം പ്രതിമാസപെൻഷനു പുറമേ അവസാനം വാങ്ങിയ ശമ്പളം ഉൾപ്പെടെ പ്രതിമാസം അഞ്ച് ലക്ഷം രൂപ ശമ്പളമായി നിശ്ചയിച്ചു നൽകി. ഇക്കാര്യത്തിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടക്കാൻ കേരള സർവീസ് ചട്ടം ലംഘിച്ച് മന്ത്രിസഭ നേരിട്ട് തീരുമാനം കൈക്കൊള്ളുകയായിരുന്നു. പുനർനിയമനം ലഭിക്കുന്ന മുൻ ചീഫ് സെക്രട്ടറിമാർക്കും മുൻ ന്യായാധിപന്മാർക്കും പെൻഷൻ കുറച്ചുള്ള ശമ്പളമാണ് അനുവദിക്കാറുള്ളത്.
സർവീസിലുള്ളപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെന്ന് അറിയപ്പെട്ടിരുന്ന മുൻ ചീഫ് സെക്രട്ടറി വി. പി. ജോയ്, അവശർക്ക് നൽകേണ്ട ക്ഷേമപെൻഷനുകൾ പോലും തടഞ്ഞുവച്ചിരിക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അറിയാത്ത ആളല്ല.
അല്പമെങ്കിലും ഉളുപ്പുണ്ടായിരുന്നുവെങ്കിൽ പുനർ നിയമനം ലഭിക്കുമ്പോൾ ചട്ടപ്രകാരമുള്ള വേതനം നിശ്ചയിച്ചാൽ മതിയെന്ന് പറയാനുള്ള വിവേകം അദ്ദേഹത്തിനുണ്ടാകണമായിരുന്നു എന്ന് ആ.സ് ശശികുമാർ അഭിപ്രായപ്പെട്ടു.
