നിരവധി ജനകീയ മുന്നേറ്റങ്ങള്‍ക്കും ചരിത്ര സംഭവങ്ങള്‍ക്കുമെല്ലാം സാക്ഷിയായ, ചരിത്രത്തില്‍ ‘കാലിക്കൂത്ത്’ എന്നപേരില്‍ ഇടംപിടിച്ച കോഴിക്കോട് പട്ടണത്തിന്റെ ഭാവിയെ കുറിച്ച് എന്താകും ജെന്‍സീ (പുതുതലമുറ) കരുതുന്നുണ്ടാവുക, ആഗ്രഹിക്കുന്നുണ്ടാവുക?. അത്തരമൊരു പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം സരോവരം ബയോ പാര്‍ക്കില്‍ ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പല ബാച്ചുകളിലായുള്ള ഇന്റേണ്‍സിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ കൂട്ടായ്മയായ ഗ്രീന്‍ പീസ് ഇന്ത്യ നടത്തിയ ശില്‍പശാല. 25 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കോഴിക്കോടിനെയാണ് ‘പ്ലേ യുവര്‍ പാര്‍ട്ട്’ തിയേറ്റര്‍ ശില്‍പശാലയിലൂടെ യുവതലമുറ വിഭാവനം ചെയ്തത്. മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നിയ സൗകര്യങ്ങളോട് കൂടിയ പട്ടണമായി വളരണമെന്നാണ് യുവജനങ്ങള്‍ പറഞ്ഞുവെക്കുന്നത്.

സുസ്ഥിര വികസനം, ആസൂത്രിത നഗരം, അന്തര്‍ദേശീയ നിലവാരമുള്ള കൂടുതല്‍ വിദ്യാഭ്യാസ-ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനൊപ്പം തന്നെ കനാല്‍ സിറ്റി, മെട്രോ റെയില്‍, ജില്ലയുടനീളം ബന്ധിപ്പിക്കുന്ന അത്യാധുനിക യാത്രാ സൗകര്യങ്ങള്‍, നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സൗകര്യങ്ങളും ഒരുപോലെ ഉറപ്പ് വരുത്താനാവുന്ന ജീവിത സാഹചര്യം തുടങ്ങിയവയും നഗരം വികസിക്കുന്നതിനസനുസരിച്ച് കൈവരിക്കാനാകണം. ശുദ്ധവായുവും വെള്ളവും ലഭ്യമാക്കാവുന്ന പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളാകണം എല്ലാത്തിനും അവലംബം. എല്ലാ വികസനവും എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാകുന്നതും സുസ്ഥിരവും പ്രകൃതി സൗഹൃദവും കൂടുതല്‍ കരുണാര്‍ദ്രതയോടെയുള്ളതും ആയിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട് ജെന്‍സീ തലമുറക്ക്. സാമൂഹിക നീതിയിലും തുല്യതയിലും പൊതുവിതരണ സംവിധാനങ്ങളിലും നോ കോംപ്രമൈസ്. മനുഷ്യ ബന്ധങ്ങളെ കൂടുതല്‍ വിലമതിക്കണം. മതമൈത്രിയിലും സല്‍ക്കാരത്തിലും ആതിഥ്യ മര്യാദയിലും രുചിവൈവിധ്യങ്ങളിലുമെല്ലാം പേരുകേട്ട കോഴിക്കോട്, കൂടുതല്‍ സ്വീകര്യമായ പൊതു ഇടങ്ങളിലൂടെയും ജനകീയ കൂട്ടായ്മകളിലൂടെയും മാലിന്യ സംസ്‌കരണ ശീലങ്ങളിലൂടെയും സാഹിത്യവും ഗസലുമെല്ലാം നിറഞ്ഞും മുന്നേറണമെന്നും പുതുതലമുറ അഭിപ്രായപ്പെടുന്നു.

ഗ്രീന്‍ പീസ് ഇന്ത്യയെ പ്രതിനിധീകരിച്ച് ബംഗളൂരുവില്‍ നിന്നെത്തിയ ബെന്‍സണ്‍ ഐസക്, നൗമാന്‍ അമീന്‍, അഭിഷേക് കുമാര്‍, ഋത്വിക് ഖസ്‌നിസ്, ജോസ്ബെല്‍ മരിയ, ലിന്റ മരിയ എന്നിവരടങ്ങുന്ന സംഘമാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഡിസ്ട്രിക്ട് കലക്ടേഴ്‌സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡിഡിഐപി) കോഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ് പങ്കെടുത്തു. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ശില്‍പശാല ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *