ഗാസിയാബാദ്: വിവാഹഷോപ്പിങ്ങിനായി വീട്ടിൽനിന്ന് പോയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹാപുർ സ്വദേശിയായ ഷെഹ്‌സാദി(23)യെയാണ് ഗാസിയാബാദ് വേവ് സിറ്റിയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടത്. നവംബർ 14-ന് ഷെഹ്‌സാദിയുടെ വിവാഹം നടക്കാനിരിക്കെയാണ് മരണം. ശനിയാഴ്ചയാണ് ഷോപ്പിങ്ങിനായി ഹാപുരിൽനിന്ന് യുവതി ഗാസിയാബാദിലേക്ക് പോയത്. എന്നാൽ, പിറ്റേദിവസം രാവിലെ യുവതി മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. സുഹൃത്തായ അസറുദ്ദീനാണ് യുവതിയുടെ സഹോദരനെ വിളിച്ച് വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അസറുദ്ദീനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഷെഹ്‌സാദി മരിച്ചെന്നവിവരം അസറുദ്ദീൻ അറിയിച്ചത്. ഉടൻതന്നെ വിവരം പോലീസിന് കൈമാറി. തുടർന്ന് ഹോട്ടൽമുറിയിൽ എത്തിയപ്പോൾ സഹോദരിയുടെ മൃതദേഹമാണ് കണ്ടത്. വായിൽനിന്ന് നുരയും പതയുംവന്ന നിലയിലാണ് മൃതദേഹം കണ്ടതെന്നും സമീപത്ത് ദുപ്പട്ടയുണ്ടായിരുന്നതായും സഹോദരൻ ഡാനിഷ് മാധ്യമങ്ങളോട് പറഞ്ഞു. അസറുദ്ദീനൊപ്പമാണ് യുവതി ഹോട്ടൽമുറിയിൽ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് ഇയാൾ പുറത്തുപോയി. മുറി പുറത്തുനിന്ന് പൂട്ടിയശേഷമാണ് ഇയാൾ ഹോട്ടലിൽനിന്ന് പുറത്തേക്ക് പോയത്. ഇതിനുപിന്നാലെയാണ് യുവതിയുടെ സഹോദരനെ ഫോണിൽ വിളിച്ച് വിവിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *