ന്യൂഡൽഹി∙ ക്വാലലംപുരിൽ നടക്കുന്ന 47-ാമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി പങ്കെടുക്കും. ഇതോടെ ഈ വർഷം ട്രംപ്- മോദി കൂടിക്കാഴ്ച നടക്കാനുള്ള സാധ്യത അവസാനിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കുന്ന കാര്യം എക്സിലൂടെ അറിയിച്ചത്. നേരത്തേ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ നരേന്ദ്ര മോദി എത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ആണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഇതോടെ ന്യൂയോർക്കിൽ വച്ച് ട്രംപ് – മോദി കൂടിക്കാഴ്ച നടക്കാതെ പോകുകയായിരുന്നു.
‘‘മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഊഷ്മളമായ സംഭാഷണം നടത്തി. വരാനിരിക്കുന്ന ഉച്ചകോടികളുടെ വിജയത്തിനായി ആശംസകൾ നേർന്നു. ആസിയാന്റെ അധ്യക്ഷ സ്ഥാനത്ത് മലേഷ്യ എത്തിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ആസിയാൻ – ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കും. ആസിയാൻ – ഇന്ത്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് ആഗ്രഹിക്കുന്നു’’ – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഒക്ടോബർ 26-28 വരെയാണ് ക്വാലലംപുരിൽ വച്ച് 47-ാമത് ആസിയാൻ ഉച്ചകോടി നടക്കുന്നത്.
അതിനിടെ, ട്രംപുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് മോദി തന്റെ തീരുമാനം മാറ്റിയതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ‘‘മിസ്റ്റർ മോദി ഉച്ചകോടിക്ക് ക്വാലലംപുരിലേക്ക് പോകുമോ ഇല്ലയോ? പ്രധാനമന്ത്രി പോകില്ലെന്ന് ഇപ്പോൾ ഉറപ്പാണ്. ലോക നേതാക്കളുമായി കെട്ടിപ്പിടിക്കാനും ഫോട്ടോ എടുക്കാനും അല്ലെങ്കിൽ സ്വയം പ്രഖ്യാപിത വിശ്വഗുരുവായി സ്വയം അവതരിപ്പിക്കാനുമുള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് ഇതിനർഥം. മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. പ്രസിഡന്റ് ട്രംപിന്റെ നിയന്ത്രണത്തിലാകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹവും അവിടെ ഉണ്ടാകും. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഈജിപ്തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും ഈ കാരണത്താലാണ്’’ – ജയറാം രമേശ് പറഞ്ഞു.
