അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കയ്യിലാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തനിക്കെതിരെ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യാം. ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുൽ പറഞ്ഞു.

“രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ഷായ്‌ക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടാൽ ഹിമന്തയെ പാർട്ടിയിൽ നിന്ന് പുറത്താക്കും. അസമിന്റെ സംസ്കാരവും ഭാഷയും ചരിത്രവും തകർക്കാനാണ് ബിജെപിയും ആർഎസ്‌എസും ആഗ്രഹിക്കുന്നത്. നാഗ്പൂരിൽ നിന്ന് അസം ഭരിക്കാനാണ് ഇവരുടെ ശ്രമം. അത് ഒരിക്കലും അനുവദിക്കില്ല”- ബാർപേട്ടയിലെ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ പറഞ്ഞു.

“മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, എന്നാൽ കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. ബിജെപി-ആർഎസ്എസ് ആശയങ്ങൾ മണിപ്പൂരിനെ ചുട്ടെരിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. ഭാരതം സ്നേഹത്തിന്റെ രാജ്യമാണ്, വെറുപ്പിന് ഇടമില്ല. നാം ഒന്നിച്ച് മുന്നോട്ട് പോകും. അക്രമവും വിദ്വേഷവും ആർക്കും ഗുണം ചെയ്യില്ല”-രാഹുൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *