പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിർമ്മാണ കരാറുകൾ നേരിട്ടു നൽകിയിട്ടുണ്ടെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം.ജില്ലാ കളക്ടർ ചെയർമാനും പി.പി. ദിവ്യ ഗവേണിങ്ങ് ബോഡി അംഗവുമായ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണ് കോടികളുടെ കരാർ പ്രവൃത്തികൾ നേരിട്ട് ലഭിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന പ്രവൃത്തികളിൽ ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് അരുൺ കെ. വിജയൻ ജില്ലാ കളക്ടറായിരുന്ന കാലയളവിലാണെന്നും കളക്ടറുടെ ഇടപെടലുകളിൽ സംശയം ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. പി.പി. ദിവ്യയ്ക്ക് വേണ്ടി കളക്ടർ വഴിവിട്ട് സഹായം ചെയ്തോ എന്നും ദിവ്യയുടെ ബിനാമി ഇടപാടുകൾക്ക് കൂട്ടുനിന്നോ എന്നുള്ളതും അന്വേഷിക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.ദിവ്യയുടെ ബിനാമി കമ്പനിയായ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ആദ്യ പ്രവൃത്തിയായ പടിയൂർ എ.ബി.സി. കേന്ദ്രത്തിന്റെ നിർമ്മാണ കരാർ ലഭിച്ചത് ജില്ലാ നിർമ്മിതി കേന്ദ്ര വഴിയാണെന്നും ഷമ്മാസ് ആരോപിച്ചു. പാലക്കയം തട്ടിലെ ബിനാമി സ്വത്തിടപാടിൽ ബിനാമി കമ്പനി ഉടമയുടെയും ദിവ്യയുടെ ഭർത്താവിന്റെയും പേരിലുള്ള രേഖകൾ തയ്യാറാക്കിയത് ഒരേ അഭിഭാഷകന്റെ ഓഫീസിൽ നിന്നാണെന്നും സർക്കാർ ജീവനക്കാരനായ ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ ജോലി കൃഷി എന്നാണ് സ്ഥലം വാങ്ങിയ രേഖയിൽ സാക്ഷ്യപ്പെടുത്തിയതെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടി. ദിവ്യയുടേയും ഭർത്താവിന്റെയും ബിനാമികളുടെയും ‘കൃഷി’ യുടെ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും ഷമ്മാസ് ആരോപിച്ചു.ബിനാമി കമ്പനിയും പി.പി. ദിവ്യയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും വിജിലൻസിന് പരാതി നൽകുന്നതുൾപ്പടെയുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷമ്മാസ് പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്നും ഷമ്മാസ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷമ്മാസ്.

Leave a Reply

Your email address will not be published. Required fields are marked *