ചക്കരക്കല്ല്: സൗഹൃദം നടിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ മൈമൂന (51), ഇബ്രാഹിം സജ്‌മൽ അർഷാദ് (28), എ.കെ. അബ്ദുൽ കലാം (52), എന്നിവരും ഒരു പതിനേഴുകാരിയുമാണ് അറസ്റ്റിലായത്.
മൊബൈൽ ആപ്പ് വഴി പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് കെണിയിൽപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുമായുള്ള സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ യുവാവിനെ ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം മറ്റു കൂട്ടാളികൾ എത്തുകയും ചെയ്തു. യുവാവിനെ ഭീഷണിപ്പെടുത്തി പല രീതിയിലുള്ള ചിത്രങ്ങൾ നിർബന്ധിച്ച് എടുപ്പിക്കുകയും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.
തന്റെ പക്കൽ ഇപ്പോൾ പണമില്ലെന്നും നാട്ടിൽ എത്തിയാൽ പണം നൽകാമെന്നും പറഞ്ഞ് യുവാവ് പ്രതികളെ ചക്കരക്കല്ലിൽ എത്തിച്ചു. തുടർന്ന് യുവാവ് രഹസ്യമായി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം നാലുപേരെയും കൈയോടെ പിടികൂടി. ഇൻസ്‌പെക്ടർ എം പി ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അംബുജാക്ഷൻ, രഞ്ജിത്ത്, എഎസ്ഐ സ്നേഹജൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിന, സൂരജ്, നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
