കേരള നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റൽ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ അത്യാധുനിക ഫ്ലാറ്റ് സമുച്ചയമായ ‘പമ്പ ബ്ലോക്ക്’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈകിട്ട് 3.30-ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പർ ലോഞ്ചിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. അമ്പത് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന പഴയ പമ്പ ബ്ലോക്ക് നവീകരണം അസാധ്യമായതിനെ തുടർന്ന് പൊളിച്ചുനീക്കിയാണ് ഈ പുതിയ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പിന്റെ ഇ.പി.സി മാതൃകയിൽ നിർമ്മിച്ച കെട്ടിടമാണിതെന്ന പ്രത്യേകതയും പമ്പ ബ്ലോക്കിനുണ്ട്. 2023 ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച ഈ കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. എം.എൽ.എമാർക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ഫ്ലാറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
