വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിൽ പ്രതിയായ എറണാകുളം സ്വദേശി ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈറ്റില ഫ്ലൈഓവറിന് താഴെ ട്രെയിൻ കടന്നുപോകാത്ത പാളത്തിൽ തല വെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞതായും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കൊച്ചി ഡിസിപി ഷഹൻഷാ വ്യക്തമാക്കി.
അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയായ ഷാജിയിലേക്ക് വേഗത്തിൽ എത്തുവാൻ പോലീസിനെ സഹായിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
