സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം വൈകുന്നേരം നാല് മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി നൽകി.

കെറെയില്‍ പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതീക്ഷ നല്‍കിയ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ന് നടന്നതെന്നും പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം താല്‍പര്യത്തോടെ കേട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെറെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പദ്ധതിയോട് അനുഭാവ നിലപാട് പ്രകടിപ്പിച്ചതില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

”വികസനത്തിന് വേഗതയും സുരക്ഷയുമുള്ള ഗതാഗത സംവിധാനം ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് അതീവ പ്രാധാന്യമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും കണക്കിലെടുക്കും. ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ് സില്‍വര്‍ ലൈന്‍. പദ്ധതിയുടെ ആകെ ചെലവ് 63,941 കോടി രൂപയാണ്. ഭൂമിയേറ്റെടുക്കലിന്റെ ചെലവ് സംസ്ഥാനസര്‍ക്കാര്‍ തന്നെ വഹിക്കും.”-മുഖ്യമന്ത്രി പറഞ്ഞു.

കെറെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *